ആദ്യത്തെ കൗതുകമൊക്കെ പത്ത് മിനിറ്റില്‍ തീരും, പൊലീസ് ജോലിയേക്കാള്‍ പ്രയാസമാണ്: സംവിധാനത്തെ കുറിച്ച് ഋഷി രാജ് സിംഗ്

ജയറാമും മീര ജാസ്മിനും പ്രധാനവേഷങ്ങളിലെത്തുന്ന, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഹസംവിധായകനാവുകയാണ് മുന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്. എന്നാല്‍ താന്‍ കരുതിയത് പോലെ അത്ര എളുപ്പമല്ല സിനിമ സംവിധാനമെന്നും രാവിലെ മുതല്‍ രാത്രി വരെ കഠിനമായ ജോലി തന്നെയാണെന്നുമാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഋഷിരാജ് സിംഗ് പറയുന്നത്. പൊലീസ് ജോലിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംവിധാനം തന്നെയാണ് ബുദ്ധിമുട്ടേറിയ പണിയെന്നും അദ്ദേഹം പറഞ്ഞു.

‘സിനിമ പണ്ടുമുതലേ താത്പര്യമായിരുന്നു. റിട്ടയര്‍മെന്റിന് ശേഷം ആ താത്പര്യം അങ്ങ് നടത്താമെന്ന് കരുതി എന്നേയുള്ളൂ. ശ്രീനിവാസന്‍ സര്‍ ആണ് എന്നെ സത്യന്‍ അന്തിക്കാടിന് അരികിലേക്ക് അയക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കുറച്ച് നാളുകളായി കേരളത്തില്‍ സിനിമാ ചിത്രീകരണങ്ങള്‍ ഒന്നും നടക്കുന്നില്ലായിരുന്നു. ഹൈദരാബാദിലും ഞാന്‍ അന്വേഷിച്ചു.

ആകെ രാമോജി റാവു ഫിലിം സിറ്റിയില്‍ മാത്രമേ ചിത്രീകരണം നടക്കുന്നുള്ളൂ. അങ്ങോട്ടുള്ള യാത്രയും താമസവുമെല്ലാം ബുദ്ധിമുട്ടാണ്. അങ്ങനെയാണ് ശ്രീനിവാസന്‍ സാറിനെ കണ്ട് സംസാരിക്കുന്നത്. രണ്ടാഴ്ച്ചയ്ക്ക് ശേഷം അദ്ദേഹം എന്നെ വിളിച്ച് സത്യന്‍ അന്തിക്കാടിന്റെ സിനിമ തുടങ്ങുന്ന കാര്യം പറഞ്ഞു. എനിക്കിഷ്ടപ്പെട്ട സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. അങ്ങനെയാണ് ചിത്രത്തിന്റെ ഭാഗമാവുന്നത്. അദ്ദേഹം പറഞ്ഞു.