ഈ അടുത്ത കാലത്ത് തിയേറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ച സിനിമയാണ് രോമാഞ്ചം. ഒരുപാട് സിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്ത് ഫ്‌ളോപ്പുകള്‍ ആയപ്പോള്‍ തിയേറ്ററില്‍ ആളുകളെ എത്തിച്ച സിനിമയാണ് രോമാഞ്ചം. 2023ല്‍ ഇതു വരെയുള്ള റിലീസുകളില്‍ പ്രദര്‍ശന വിജയം നേടിയ ഏക സിനിമ കൂടിയാണിത്. എത്രയോ തവണ കണ്ടു മടുത്ത ഓജോ ബോര്‍ഡ് എന്ന കോണ്‍സെപ്റ്റ് പറഞ്ഞെത്തിയ രോമാഞ്ചം തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തിയിരുന്നു.
തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം നേടിയ സിനിമയുടെ ഒ.ടി.ടി റിലീസ് പ്രേക്ഷകരെ നിരാശാരാക്കിയാണ് എത്തിയത്. ഒ.ടി.ടി.യില്‍ എത്തിയ സിനിമയില്‍, അതിന്റെ ആത്മാവ് തന്നെയായ പാട്ടുകള്‍ കേള്‍ക്കാനില്ല എന്നായിരുന്നു പരാതി. വോക്കല്‍സ് ഇല്ലാത്ത കരോക്കെ രൂപത്തിലാണ് പാട്ടുകള്‍ ഡിസ്നി പ്ലസില്‍ ഹോട്‌സ്റ്റാറില്‍ പ്ലേ ചെയ്തിരുന്നത്. സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ‘ആത്മാവേ പോ’, ‘തലതെറിച്ചവര്‍’, എന്നീ പാട്ടുകള്‍ ഏറെ ശ്രദ്ധ നേടിയവയാണ്.
പാട്ടിന്റെ സ്ഥാനത്ത് മ്യൂസിക് മാത്രമാണുള്ളത്. ഇത് പ്രേക്ഷകരുടെ ഇടയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സിനിമയുടെ വിജയത്തില്‍ ഗാനങ്ങളുടെ പങ്ക് വളരെ വലുതായിരുന്നു. ഗാനങ്ങളില്ലാത്തത് സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട് എന്നാണ് ആരാധകര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഒ.ടി.ടി വേര്‍ഷനില്‍ ഗാനങ്ങള്‍ എത്തിയിട്ടുണ്ട്. ടിവിയിലേക്ക് കണക്ട് ചെയ്യുമ്പോള്‍ വോക്കല്‍സോട് കൂടി പാട്ടുകള്‍ ലഭിക്കുന്നുണ്ട്. ഫോണിലായിരുന്നു ഈ പ്രശ്നം നേരിട്ടത്. ഇത് ഡിസ്‌നി പരിച്ചിട്ടുണ്ട്.
എന്നാല്‍ ഗാനങ്ങള്‍ എത്തിയിട്ടും സിനിമയ്‌ക്കെതിരെ നെഗറ്റീവ് റെസ്‌പോണ്‍സുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. ”രോമാഞ്ചം’ കണ്ടിട്ട് ചിരി നിര്‍ത്താന്‍ പറ്റാതായവരോട്… എന്നാലും നിങ്ങള്‍ക്ക് ഇതിനുമാത്രം ചിരി എവിടെ നിന്നാണ്, നമ്മള്‍ക്കൊന്നും കിട്ടിയില്ലലോ….. സിനിമയുടെ ഏത് സീന്‍ കണ്ടാണ് നിങ്ങള്‍ക്കു ചിരി നിര്‍ത്താന്‍ പറ്റാഞ്ഞത്” എന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്. ”സിനിമാ ഗ്രൂപ്പുകളില്‍ മത്സരിച്ചുള്ള റിവ്യൂ കണ്ടിന് ശേഷം സിനിമ ഒ.ടി.ടിയില്‍ കണ്ടപ്പോള്‍ ഒരു അവറേജ് അനുഭവം പോലും ഉണ്ടായില്ല. ഇതിലും നല്ല ഷോര്‍ട്ട് ഫിലിമുകള്‍ യൂട്യൂബില്‍ ഉണ്ട്” എന്നിങ്ങനെയാണ് ചില അഭിപ്രായങ്ങള്‍.
ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, അനനന്തരാമന്‍ അജയ്, സജിന്‍ ഗോപു, അബിന്‍ ബിനോ, സിജു സണ്ണി, അഫ്‌സല്‍ പിഎച്ച്, ജഗദീഷ് കുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറഞ്ഞത്. സംവിധായകന്‍ ജിത്തു സ്വന്തം ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത കഥയാണിത്.
Read more
നല്ല കണ്ടന്റ് ഉണ്ടെങ്കില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ഇല്ലാതെയും തിയേറ്ററില്‍ ആള് കയറുമെന്നും, കോടികള്‍ നിസാരമായി കളക്ട് ചെയ്യാമെന്നും കാണിച്ചു തന്ന സിനിമയാണ് രോമാഞ്ചം. ഇതേ ഫ്രഷ് ഫീലില്‍ തന്നെ സെക്കന്‍ഡ് പാര്‍ട്ട് ഇറക്കിയാല്‍ അത് ചരിത്രമാകും. രോമാഞ്ചത്തിന്റെ കഥ എഴുതിയപ്പോള്‍ തന്നെ രണ്ടാം ഭാഗം ചെയ്യാനുള്ള എലമെന്റ് കൈയില്‍ ഉണ്ടായിരുന്നു എന്നാണ് സംവിധായകന്‍ പറഞ്ഞത്. സെക്കന്‍ഡ് പാര്‍ട്ട് എങ്ങനെ അവസാനിക്കുമെന്ന് ഐഡിയ ഉണ്ട്. അതില്‍ അനാമിക ഉണ്ടാകുമോ സിനു ഉണ്ടാകുമോ എന്നൊന്നും പറയുന്നില്ല അത് സസ്‌പെന്‍സ് ആയിരിക്കട്ടെ. കഥ എഴുതിക്കഴിഞ്ഞ് അത് രോമാഞ്ചത്തിന് ഒപ്പമോ അതിനു മുകളിലോ വരുന്ന സ്‌ക്രിപ്റ്റ് ആകുമ്പോള്‍ രണ്ടാം ഭാഗം ചെയ്യണമെന്ന് കരുതുന്നു എന്നായിരുന്നു ജിത്തു മാധവന്റെ വാക്കുകള്‍.