നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ നായകനാകുന്ന “റഷ്യ” സിനിമയുടെ ടീസര്‍ പുറത്ത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയെത്തുന്ന ചിത്രത്തിന്റെ നിഗൂഢതയുണര്‍ത്തുന്ന ടീസറാണ് പുറത്തു വന്നിരിക്കുന്നത്. നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം റഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.
കൊച്ചി, തൃശൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് റഷ്യ ചിത്രീകരിച്ചത്. “ഉറങ്ങാനാവാത്ത 15 ദിനങ്ങള്‍” എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരികസംഘര്‍ഷമാണ് പറയുക. കൂടെ അതിന്റെ ശാസ്ത്രീയവശങ്ങളും ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്.
ലോകത്ത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നീണ്ടുപോകുന്ന ഒരു ഗൗരവമേറിയ കാര്യം കൂടിയാണ് മനുഷ്യരുടെ ഉറക്കം നഷ്ടപ്പെടല്‍. അതിലേക്കുള്ള ഒരു ബോധവത്കരണം കൂടിയാണ് റഷ്യയെന്ന് സംവിധായകന്‍ നിധിന്‍ തോമസ് കുരിശിങ്കല്‍ വ്യക്തമാക്കി. മലയാളസിനിമ ചരിത്രത്തില്‍ ഇതുവരെ ആവിഷ്‌കരിക്കാത്ത പ്രമേയമാണ് ചിത്രത്തിന്റേത്.
ഗോപിക അനില്‍, ആര്യ മണികണ്ഠന്‍, മെഹറലി പൊയ്‌ലുങ്ങല്‍ ഇസ്മയില്‍, കോറിയോഗ്രാഫര്‍ ശ്രീജിത്ത്, മോഡലായ അരുണ്‍ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്.
കുലു മിന ഫിലിംസിന്റെ ബാനറില്‍ മെഹറലി പൊയ്‌ലുങ്ങള്‍ ഇസ്മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് റഷ്യ നിര്‍മ്മിക്കുന്നത്. മിജോ ജോസഫ്, ഡാലി നിധിന്‍, സിജോ തോമസ്, ഫെറിക് ഫ്രാന്‍സിസ് പെട്രോപില്‍, ടിന്റോ തോമസ് തളിയത്ത് എന്നിവരും നിര്‍മ്മാണ സഹായികളാണ്.