'മൂത്തോന്' വീണ്ടും അംഗീകാരം; റോഷന്‍ മാത്യു മികച്ച സഹനടന്‍

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌കാരം നേടിയ “മൂത്തോന്‍” സിനിമയെ തേടി വീണ്ടും ഒരു അംഗീകാരം കൂടി. ബെര്‍ലിനില്‍ നടന്ന ഇന്‍ഡോ- ജര്‍മ്മന്‍ ഫിലിം വീക്കില്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രമായി മൂത്തോന്‍. കൂടാതെ റോഷന്‍ മാത്യുവിന് മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചു.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അമീര്‍ എന്ന കഥാപാത്രമാണ് റോഷന്‍ അവതരിപ്പിച്ചത്. നേരത്തെ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലിലും മൂത്തോന്‍ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. മികച്ച സിനിമയായും ചിത്രത്തിലെ അഭിനയത്തിന് നിവിന്‍ പോളിയെ മികച്ച നടനായും സഞ്ജന ദീപുവിനെ ബാലതാരമായും തിരഞ്ഞെടുത്തിരുന്നു.

https://www.facebook.com/geetu.mohandas/posts/3503248799737822

ടൊറോന്റോ ചലച്ചിത്ര മേള അടക്കം വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ഏറെ ശ്രദ്ധ നേടിയ സിനിമയാണ് മൂത്തോന്‍. ഗീതു മോഹന്‍ദാസ് നിവിന്‍ പോളി, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ സിനിമ സ്വവര്‍ഗ പ്രണയത്തെയാണ് ചിത്രീകരിച്ചത്.

20 വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത സ്വവര്‍ഗാനുരാഗിയായ തന്റെ ഉറ്റസുഹൃത്ത് മൈക്കിളിനു വേണ്ടിയാണ് ഈ സിനിമ ഒരുക്കിയതെന്ന് ഗീതു മോഹന്‍ദാസ് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പത്താമത് ക്വീര്‍ പ്രൈഡ് മാര്‍ച്ചിന്റെ സാംസ്‌കാരിക പരിപാടിയില്‍ പറഞ്ഞിരുന്നു.