'ആര്‍ആര്‍ആറി'ന് വ്ളാഡിമിര്‍ സെലന്‍സ്‌കിയുമായി ബന്ധമുണ്ട്; വെളിപ്പെടുത്തി രാജമൗലി

‘ആര്‍ആര്‍ആര്‍’ ചിത്രത്തിന് ഉക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ എസ്.എസ് രാജമൗലി. ചിത്രത്തിലെ ട്രെന്‍ഡിംഗ് ആയ ‘നാട്ടു നാട്ടു’ ഗാനത്തെ കുറിച്ചാണ് സംവിധായകന്‍ വ്യക്തമാക്കിയത്. സെലെന്‍സ്‌കിയുടെ വസതിക്ക് മുന്നിലാണ് ഗാനം ചിത്രീകരിച്ചത്.

ഉക്രൈനിലാണ് നാട്ടു നാട്ടു ചിത്രീകരിച്ചത്. ഉക്രൈന്‍ പ്രസിഡന്റിന്റെ കൊട്ടാരമായിരുന്നു സത്യത്തില്‍ ആ പാട്ടിന്റെ പശ്ചാത്തലം. പാര്‍ലമെന്റ് അതിനോട് ചേര്‍ന്ന് തന്നെയായിരുന്നു. ഉക്രൈന്‍ പ്രസിഡന്റ് നേരത്തേ ഒരു ടെലിവിഷന്‍ താരമായിരുന്നതിനാല്‍ ഷൂട്ടിംഗങ്ങിനുള്ള അനുമതി പെട്ടന്ന് ലഭിച്ചു.

രസകരമായ കാര്യം എന്താണെന്ന് വച്ചാല്‍ പ്രസിഡന്റ് ആകുന്നതിന് മുമ്പ് ഒരു പരമ്പരയില്‍ അദ്ദേഹം പ്രസിഡന്റ് ആയി വേഷമിട്ടിട്ടുണ്ട് എന്നുള്ളതാണ് എന്നാണ് രാജമൗലി പറയുന്നത്. രാം ചരും ജൂനിയര്‍ എന്‍ടിആറും ഗംഭീര നൃത്തച്ചുവടുകളുമായി എത്തിയ ഗാനമാണിത്.

ചന്ദ്രബോസ് ആണ് ‘നാട്ടു നാട്ടു’ എന്ന ഗാനം എഴുതിയത്. എം.എം കീരവാണി ഈണമിട്ട ഗാനം രാഹുല്‍ സിപ്ലിഗഞ്ചും കാല ഭൈരവയും ചേര്‍ന്നാണ് ആലപിച്ചത്. പത്ത് കോടിയിലേറെ പേരാണ് യൂട്യൂബില്‍ മാത്രം ഈ ഗാനം കണ്ടത്.

Read more

2022 മാര്‍ച്ച് 25-ന് തിയേറ്ററുകളിലെത്തിയ ആര്‍ആര്‍ആര്‍ 1000 കോടിയാണ് ബോക്‌സോഫീസില്‍ നിന്ന് നേടിയത്. ചിത്രത്തെ ഓസ്‌കാര്‍ എന്ന നേട്ടത്തിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങളിലാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയ്ക്ക് രണ്ടാം ഭാഗം വരുമെന്ന് രാജമൗലി അറിയിച്ചിരുന്നു.