ഒരു മനുഷ്യന്‍ എത്ര മണിക്കൂര്‍ ഉറങ്ങണം...? പരീക്ഷണ ചിത്രമായി 'റഷ്യ' ഉടന്‍ തിയേറ്ററിലേയ്ക്ക്

ഉറങ്ങാന്‍ പറ്റുന്നില്ല… ഒരു പോള കണ്ണടച്ചില്ല… ശരിക്കൊന്നു ഉറങ്ങാന്‍ പറ്റിയില്ല…വെറുതെ കിടക്കാം എന്നല്ലാതെ ഉറക്കം വരണ്ടേ? നമ്മള്‍ ഇടയ്ക്കിടെ കേള്‍ക്കുന്ന ഒരു കാര്യം. നമ്മെ ബാധിക്കാത്ത ഒരു കാര്യമായതു കൊണ്ട് വെറുതെ കേട്ടു കളയുന്ന ഒരു ചെറിയ കാര്യം. ക്രോണിക് ഇന്‍സോംനിയ ഡിസോര്‍ഡര്‍ എന്ന ഭീകരമായ രോഗാവസ്ഥ.

ഇന്‍സോംനിയ എന്ന രോഗം വിഷയമാക്കി ഒരു പരീക്ഷണ സിനിമ റഷ്യ വരുന്നു. ദിവസങ്ങളോളം ഉറങ്ങാന്‍ കഴിയാതെ കടുത്ത മാനസിക-ശാരീരിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് റഷ്യ പറയുന്നത്. വലിയ താരപകിട്ടില്ലാതെ പുതിയ ആളുകളെ ഉള്‍പ്പെടുത്തി കുലുമിന ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമ പൂര്‍ത്തിയായി റിലീസിന് ഒരുങ്ങുന്നു.

നിതിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ നായകനാവുന്നു. തിരക്കഥാകൃത്തും പരസ്യ ചിത്രങ്ങളുടെ സംവിധായകനുമായ മെഹറലി പോയിലുങ്ങല്‍ ഇസ്മായിലും റോംസോണ്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രാവി കിഷോര്‍, ഗോപികഅനില്‍, സംഗീത ചന്ദ്രന്‍, ആര്യ മണികണ്ഠന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. “ഉറങ്ങാനാവാത്ത 15 ദിനങ്ങള്‍” എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരികസംഘര്‍ഷമാണ് പറയുക.