'തല ഇടിച്ചു ചിതറി മരിച്ചേനെ, തലനാരിഴയ്ക്ക് രക്ഷപെട്ടു'; വൈറ്റില മേല്‍പ്പാലത്തിലൂടെ കാറില്‍ പോയ അനുഭവവുമായി സാബുമോന്‍

വൈറ്റില മേല്‍പ്പാലത്തിലൂടെ കാറില്‍ യാത്ര ചെയ്തപ്പോള്‍ “തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്” എന്ന് നടനും അവതാരകനുമായ സാബുമോന്‍. മേല്‍പ്പാലത്തിലൂടെ ഉയരമുള്ള വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മെട്രോ ഗര്‍ഡറില്‍ തട്ടുമെന്ന് പ്രചാരണങ്ങള്‍ക്കെതിരെയാണ് സാബുമോന്‍ ട്രോള്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ മെട്രോ ഗര്‍ഡറിന് സമീപമെത്തിയപ്പോള്‍ തല ഇടിക്കും കുനിഞ്ഞ് നില്‍ക്കണം എന്ന് പറയുന്ന ഡയലോഗും പൊട്ടിച്ചിരിപ്പിക്കുന്നതാണ്.

“”തല ഇടിച്ചു ചിതറി മരിച്ചേനെ, തലനാരിഴയ്ക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി ഫോറിനു നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേ”” എന്നാണ് വീഡിയോ പങ്കുവച്ച് സാബുമോന്‍ കുറിച്ചിരിക്കുന്നത്.

ജനുവരി 9ന് ആണ് വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചത്. വൈറ്റില ഫ്‌ളൈഓവറില്‍ മെട്രോ ഗര്‍ഡറിനു അടിയിലൂടെ കണ്ടെയ്‌നര്‍ ലോറി കടന്നുപോകുന്ന ചിത്രമാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. വിമര്‍ശകര്‍ക്കുള്ള ശക്തമായ മറുപടി ആണിതെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള പ്രതികരണം.