സച്ചിയുടെ തിരക്കഥയില്‍ ഒരുങ്ങിയ മികച്ച പ്രതികരണം നേടിയ ചിത്രം ഡ്രൈവിംഗ് ലൈസന്‍സിലും അദ്ദേഹം സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലും പൃഥ്വിരാജ് നായകനാണെന്നു പറയാനാകില്ല. ഇപ്പോഴിതാ പൃഥിരാജിനെ പോലുള്ള താരം ഇത്തരം വേഷങ്ങള്‍ ഏറ്റെടുക്കാന്‍ എങ്ങനെ സമ്മതിച്ചുവെന്ന് തുറന്നുപറയുകയാണ് സച്ചി. മനോരമയുമായുള്ള അഭിമുഖത്തിലാണ് സച്ചി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
സച്ചിയുടെ വാക്കുകള്‍
പൃഥ്വിരാജ് എന്ന നടന്‍ മാറിയതു കണ്ടാല്‍ അദ്ഭുതപ്പെട്ടുപോകും. കുറച്ചു കാലത്തിനിടയില്‍ ആ മനുഷ്യന്റെ ഉള്ളു വല്ലാതെ മാറിയിരിക്കുന്നു. ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയുടെ തിരക്കഥ വായിച്ചു കൊടുത്ത ശേഷം പൃഥ്വി ചോദിച്ചത് ഞാനല്ലാതെ ആരാടോ ഇതു ചെയ്യുക എന്നാണ്. സുരാജ് വെഞ്ഞാറമ്മൂടിനെ വിളിച്ചു പൃഥ്വി പറഞ്ഞത്, എടോ താന്‍ നായകനായ ഒരു സിനിമ ഞാന്‍ നിര്‍മ്മിക്കുകയും അതിലൊരു റോളില്‍ ഞാന്‍ അഭിനയിക്കുകയും ചെയ്യുന്നുവെന്നാണ്.
പൃഥ്വിയെ തട്ടിപ്പിലൂടെ വീഴ്ത്തിയതല്ല. സുരാജാണ് നായകന്‍ എന്നറിഞ്ഞു തന്നെ അഭിനയിച്ചതാണ്. കോശിയായി അഭിനയിച്ചതും അയ്യപ്പനു ചിലപ്പോള്‍ മുന്‍തൂക്കം കിട്ടിയേക്കും എന്നറിഞ്ഞു കൊണ്ടു തന്നെയാണ്. നല്ല സിനിമ എന്നതു മാത്രമാണു പൃഥ്വിയുടെ മുന്നിലുള്ള ലക്ഷ്യം. മലയാളത്തില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നും ഇതാണ്. വലിയൊരു താരം ഒന്നും നോക്കാതെ അഭിനയിക്കുന്നു.
ബിജു മേനോനാണ് ഈ സിനിമയുടെ കഥ ആദ്യം കേട്ടത്. കോശിയായി പൃഥ്വിയെ നോക്കാമെന്നു പറഞ്ഞപ്പോള്‍ ബിജു പോലും ചോദിച്ചത് ആ കഥാപാത്രത്തിന് അയാള്‍ വരുമോ എന്നാണ്. പൃഥ്വി വരിക തന്നെ ചെയ്തു. അതാണ് ആ സിനിമയുടെ നന്മകളിലൊന്ന്.