കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെ അഭിനേതാക്കൾ പോകാറുണ്ട്. അന്നപൂരണി, ശ്രീരാമരാജ്യം എന്നീ സിനിമകളിൽ അഭിനയിച്ചപ്പോൾ നയൻതാര മാംസാഹാരം കഴിക്കുന്നത് നിർത്തി വ്രതം എടുത്തത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇത് പോലെ നിതീഷ് തിവാരിയുടെ ‘രാമായണ’ എന്ന ചിത്രത്തിനായി സായ് പല്ലവിയും വ്രതത്തിലാണെന്ന വാർത്തകൾ എത്തിയിരുന്നു. എന്നാൽ ഇത് അപ്പാടെ നിഷേധിച്ചിരിക്കുകയാണ് സായ് ഇപ്പോൾ.
സാധാരണ തന്നെ കുറിച്ചുള്ള അഭ്യൂഹങ്ങളോടൊന്നും താരം പ്രതികരിക്കാറില്ല. എന്നാൽ ഇപ്പോഴിതാ രാമായണ സിനിമയുമായി ബന്ധപ്പെട്ട് പ്രമുഖ തമിഴ് മാധ്യമമായ ‘സിനിമാ വികട’നിൽ വന്ന ഒരു വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോൾ. ‘ദംഗൽ’ സിനിമയുടെ സംവിധായകൻ നിതീഷ് തിവാരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രാമായണ’. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ഏകദേശം 835 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന രാമായണ.
രാമായണത്തിൽ അഭിനയിക്കാൻ വേണ്ടി സായ് പല്ലവി മാംസാഹാരം കഴിക്കുന്നത് പൂർണമായും നിർത്തിയെന്നും വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ഭക്ഷണം പാകം ചെയ്യാൻ വേണ്ടി പ്രത്യേക ഷെഫിനെ കൊണ്ടുപോകുന്നു എന്ന വാർത്തയാണ് പ്രചരിച്ചത്. ഈ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോൾ. സത്യസന്ധമല്ലാത്ത കാര്യങ്ങൾ കാണുമ്പോൾ നിശബ്ദതയാണ് തിരഞ്ഞെടുക്കാറുള്ളതെന്നും എന്നാൽ ഇനി ഇത്തരം തെറ്റിയ പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നുമാണ് സായ് പല്ലവി എക്‌സിലൂടെ പറഞ്ഞത്.
സിനിമാ വികടൻ നൽകിയ വാർത്തയുടെ പോസ്റ്റർ അടക്കം പങ്കുവെച്ചാണ് താരം ട്വിറ്ററിൽ പ്രതികരിച്ചിരിക്കുന്നത്. ‘മിക്കപ്പോഴും, മിക്കവാറും എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ കിംവദന്തികൾ / കെട്ടിച്ചമച്ച നുണകൾ / തെറ്റായ പ്രസ്താവനകൾ മനപൂർവ്വമോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം പ്രതികരിക്കാതെ ഞാൻ നിശബ്ദതയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഇത് സ്ഥിരമായി സംഭവിക്കുന്നതിനാൽ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് കരുതുന്നത്. ഇത്തരം കാര്യങ്ങൾ അവസാനിക്കുമെന്ന് തോന്നുന്നില്ല.
എന്റെ സിനിമകളുടെ റിലീസുകൾ/ പ്രഖ്യാപനങ്ങൾ തുടങ്ങി എന്റെ കരിയറിലെ പ്രിയപ്പെട്ട നിമിഷങ്ങളുടെ സമയത്താണ് ഇത്തരം വ്യാജപ്രചരണങ്ങൾ നടക്കുന്നത്. ഇനി ഏതെങ്കിലും ‘പ്രശസ്ത’ പേജോ മാധ്യമമോ/ വ്യക്തിയോ, വാർത്തയുടെയോ ഗോസിപ്പിന്റെയോ പേരിൽ ഇത്തരം കഥയുമായി വരുന്നത് എന്റെ കണ്ണിൽപ്പെട്ടാൽ നിയമപരമായി അതിനെ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്’ എന്നും സായ് പല്ലവി പറഞ്ഞു.
Most of the times, Almost every-time, I choose to stay silent whenever I see baseless rumours/ fabricated lies/ incorrect statements being spread with or without motives(God knows) but it’s high-time that I react as it keeps happening consistently and doesn’t seem to cease;… https://t.co/XXKcpyUbEC
— Sai Pallavi (@Sai_Pallavi92) December 11, 2024
അതേസമയം, വിഎഫ്എക്‌സിൽ ഓസ്‌കർ നേടിയ ഡിഎൻഇജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വൽ എഫക്ട് ഒരുക്കുന്നത്. മൂന്ന് ഭാഗങ്ങളായാണ് ചിത്രമൊരുങ്ങുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തിൽ രാവണനാണ് പ്രാധാന്യം നൽകുന്നത്. യാഷ് ആണ് രാവണനായി എത്തുക. അതേസമയം, ചിത്രത്തിനായി രൺബിർ നോൺവെജും പാർട്ടികളും മദ്യാപനവും ഉപേക്ഷിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു.
വമ്പൻ തുകകളാണ് ചിത്രത്തിനായി താരങ്ങൾ കൈപ്പറ്റുന്നത്. ബോളിവുഡ് ലൈഫിന്റെ റിപ്പോർട്ടുകൾ പ്രകാരം 75 കോടി രൂപയാണ് രൺബിർ ചിത്രത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ 70 കോടി രൂപയായിരുന്നു രൺബിറിന്റെ പ്രതിഫലം. എന്നാൽ സന്ദീപ് റെഡ്ഡി വംഗ ചിത്രം ‘അനിമലി’ൽ അഭിനയിച്ചപ്പോൾ പകുതി പ്രതിഫലം മാത്രമേ രൺബിർ വാങ്ങിയുള്ളു. 30-35 കോടി രൂപയാണ് അനിമൽ ചിത്രത്തിനായി രൺബിർ പ്രതിഫലമായി കൈപ്പറ്റിയത്.
സായ് പല്ലവി സീതയാകാൻ വേണ്ടി ആവശ്യപ്പെട്ടത് ആറ് കോടി രൂപയാണ്. രൺബിറിന്റെ പ്രതിഫലത്തേക്കാൾ വളരെ ചെറിയ തുകയാണ് ഇതെങ്കിലും തന്റെ പ്രതിഫലം ഇരട്ടി ആക്കിയിരിക്കുകയാണ് സായ് പല്ലവി. 2.5 മുതൽ 3 കോടി രൂപ വരെയായിരുന്നു സായ്‌യുടെ ഇതു വരെയുള്ള പ്രതിഫലം. സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്.