വിജയ്-ലോകേഷ് കോംമ്പോയില്‍ ഒരുങ്ങുന്ന ‘ലിയോ’ ചിത്രത്തില്‍ നടി സായ് പല്ലവിയും ഭാഗമാകും എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ എത്തിയിരുന്നു. ചിത്രത്തിലേക്ക് സായ് പല്ലവിയെ വിളിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൂപ്പര്‍താരത്തിന്റെയും സൂപ്പര്‍ സംവിധായകന്റെയും സിനിമയോട് നോ പറഞ്ഞിരിക്കുകയാണ് സായ് ഇപ്പോള്‍.
ലിയോയിലേക്കുള്ള ഓഫര്‍ താരം നിരസിച്ചിരിക്കുകയാണ്. തന്റെ കരിയറിനെ സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട തീരുമാനം സായ് എടുത്തിട്ടുണ്ട്. അത് പ്രകാരം തന്റെ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമകള്‍ മാത്രമേ തിരഞ്ഞെടുക്കൂ എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഈ തീരുമാനത്തെ തുടര്‍ന്നാണ് ലിയോ ഉപേക്ഷിച്ചത്.
‘തുനിവ്’ അടക്കം നിരവധി സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളോട് സായ് പല്ലവി നോ പറഞ്ഞിട്ടുണ്ട്. തുനിവില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് സായ്‌യെ ആയിരുന്നു. അതേസമയം, ലിയോയില്‍ തൃഷ ആണ് നായിക ആയി എത്തുന്നത്.
സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മന്‍സൂര്‍ അലിഖാന്‍, സാന്‍ഡി മാസ്റ്റര്‍, മാത്യു തോമസ്, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ദൃശ്യങ്ങള്‍ അടുത്തിടെ ചോര്‍ന്നിരുന്നു.
സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വെളുത്ത ഷര്‍ട്ടും, കറുത്ത പാന്റ്‌സും ധരിച്ച് നില്‍ക്കുന്ന വിജയ്‌യുടെ ദൃശ്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ എല്ലാ വീഡിയോകളും വേഗം തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. കശ്മീരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നത്.