അതിര് കടന്ന റിവ്യൂ, ആറാട്ടണ്ണന്റെ കാല് പിടിച്ച് സൈജു; ട്രോള്‍ പൂരം

എയറിലായി സൈജു കുറുപ്പും ആറാട്ട് അണ്ണനും. ‘ജാനകീ ജാനേ’ സിനിമയുടെ റിവ്യൂ പറയുന്ന സന്തോഷ് വര്‍ക്കിയുടെയും സൈജു കുറുപ്പിന്റെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മെയ് 12ന് ആണ് ജാനകീ ജാനേ ചിത്രം തിയേറ്ററില്‍ എത്തിയത്.

തിയേറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പം സിനിമ കണ്ട് പുറത്തിറങ്ങിയ സൈജു മാധ്യമങ്ങളോട് സംസാരിക്കവെ ഇടയില്‍ കയറി സംസാരിക്കുന്ന ആറാട്ടണ്ണന്റെ വാക്കുകളാണ് ട്രോളന്മാര്‍ ആഘോഷമാക്കുന്നത്. ”ആക്ച്വലി മെസേജ് കൊടുക്കുന്ന സിനിമയാണിത്” എന്നാണ് സൈജു കുറുപ്പ് മാധ്യമങ്ങളോട് പറയുന്നത്.

”മെസേജ് കൊടുക്കുന്നുണ്ട്, ലാഗുമില്ല, നല്ല എന്റര്‍ടെയ്‌നറാണ്. ഒപ്പം ഒരുപാട് മെസേജും ഉണ്ട്. എനിക്ക് എണ്‍പതുകളിലെ ലാലേട്ടനെയാണ് പുള്ളിയെ കണ്ടപ്പോള്‍ തോന്നിയത്” എന്നാണ് സൈജു സംസാരിക്കുന്നതിനിടയില്‍ കയറി സന്തോഷ് വര്‍ക്കി പറയുന്നത്.

ഇതോടെ സൈജു സന്തോഷിന് നേരെ കൈകൂപ്പുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ സന്തോഷിന്റെ കാല് പിടിക്കുന്നത് പോലെ ആക്ഷന്‍ കാണിക്കുന്നുമുണ്ട്. ”എന്നെ കളിയാക്കും ആള്‍ക്കാര്‍ എല്ലാം കൂടി, ട്രോള്‍ വരും” എന്നാണ് സൈജു സന്തോഷിന് മറുപടി നല്‍കുന്നത്.

”ഞാന്‍ ഉള്ള കാര്യമാണ് പറയുന്നത്. എണ്‍പതുകളിലെ ലാലേട്ടന്‍, സന്മനസുള്ളവര്‍ക്ക് സമാധാനം അതുപോലൊരു ലാലേട്ടന്‍. എനിക്കിഷ്ടപ്പെട്ടു” എന്നാണ് സന്തോഷ് പറയുന്നത്. ”പുള്ളി എന്നെ ട്രോളിയിട്ട് പോയി” എന്നും സൈജു കുറുപ്പ് പറയുന്നുണ്ട്. ഈ വീഡിയോ ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Read more

അതേസമയം, അനീഷ് ഉപാസന തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ജാനകീ ജാനേ. നവ്യ നായര്‍ ആണ് ചിത്രത്തില്‍ നായിക. ഷറഫുദ്ദീന്‍, ജോണി ആന്റണി, കോട്ടയം നസീര്‍, അനാര്‍ക്കലി, ജയിംസ് ഏല്യാ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോര്‍ജ് കോര, അഞ്ജലി സത്യനാഥ് എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.