ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ പിടിയിലായ സംഭവത്തിൽ ലഹരിക്കെതിരെ സിനിമ സെറ്റുകളിൽ റെയ്ഡ് നടത്തണമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്. സാങ്കേതിക പ്രവർത്തകരാണ് സിനിമയിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്നതെന്നും മഞ്ഞുമലയുടെ അറ്റം മാത്രമാണ് സജി ഇപ്പോൾ പുറത്തു വന്നതെന്നും സജി നന്ത്യാട്ട് ആരോപിച്ചു.
പുലർച്ച രണ്ടു മണിയോടെ എക്സൈസ് നടത്തിയ പരിശോധനയിലാണ് സംവിധായകരെ അടക്കം പിടികൂടിയത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരിൽ കണ്ടെടുത്തു. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാൻ. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ.
പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഇവർ ഫ്ലാറ്റിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് പരിശോധന. സംഭവത്തിൽ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയ്ക്കും എതിരെ നടപടിയുണ്ടാകുമെന്ന് ഫെഫ്ക പറഞ്ഞു. ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെ സസ്പെൻഡ് ചെയ്യുമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ പ്രതികരിച്ചു. ലഹരിയിൽ വലുപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്നും സിബി മലയിൽ പറഞ്ഞു.