വിതരണക്കാര്‍ക്കെതിരെ കടുത്ത ആരോപണവുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

തിയേറ്ററുകളില്‍ ഇടം നല്‍കാതെ വിതരണക്കാര്‍ വഞ്ചിച്ചുവെന്ന പരാതിയുമായി സഖാവിന്റെ പ്രിയസഖി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗിരീഷ് പിക്‌ചേഴ്‌സായിരുന്നു ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തത്. 85 തിയേറ്ററുകളില്‍ റിലീസ് എന്നായിരുന്നു പരസ്യം.

എന്നാല്‍, തിയേറ്ററുകളില്‍ സിനിമ എത്തിക്കാന്‍ വിതരണക്കാര്‍ക്ക് ആയില്ലെന്ന് സംവിധായകന്‍ സിദ്ദിഖ് താമരശ്ശേരിയും നിര്‍മ്മാതാവ് പി.പി. അന്‍ഷാദും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ മാസം അഞ്ചാം തിയതി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രദര്‍ശനോദ്ഘാടനം നിര്‍വഹിച്ച സിനിമയാണിത്. ഉദ്ഘാടന കര്‍മ്മം നടന്ന കൊല്ലം കാര്‍ണിവല്‍ തിയേറ്ററില്‍ പോലും പിന്നീട് ഷോ അറേഞ്ച് ചെയ്യാന്‍ വിതരണക്കാര്‍ക്ക് കഴിഞ്ഞില്ല. പത്തില്‍ താഴെ തിയേറ്ററുകളില്‍ മാത്രമാണ് സിനിമയുടെ പ്രദര്‍ശനം നടന്നത്. സിനിമയ്ക്ക് ആവശ്യമായ പരസ്യം നല്‍കാനോ പോസ്റ്റര്‍ പതിക്കാനോ ഫ്‌ളെക്‌സ് പതിക്കാനോ വിതരണക്കാര്‍ മെനക്കെട്ടില്ല. ഇതെല്ലാം സിനിമയെ നശിപ്പിക്കാനുള്ള മനപ്പൂര്‍വ നീക്കത്തിന്റെ ഭാഗമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചു.

അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നായിക നേഹാ സക്‌സേനയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.