‘ബാഹുബലി’ക്ക് ശേഷം മറ്റൊരു ബ്ലോക്ബസ്റ്റർ സൃഷ്ടിച്ച് പ്രഭാസ്. ഡിസംബംർ 22ന് തിയേറ്ററിലെത്തിയ ‘സലാർ’ ഓപ്പണിംഗ് ദിനത്തിൽ തന്നെ 178 കോടി രൂപ കളക്ഷൻ നേടിയിരുന്നു. കേരളത്തിൽ നിന്നും 4.65 കോടിയാണ് ആദ്യ ദിനം ലഭിച്ചത്. കർണാടകയിൽ നിന്നും 11.60 കോടിയും തമിഴ്‌നാട്ടിൽ നിന്നും 6.10 കോടിയും നോർത്ത് ഇന്ത്യയിൽ നിന്നും –18.6 കോടിയുമാണ് നേടിയത്.
സലാർ ഇന്ത്യയിൽ നിന്നും മാത്രം നേടിയത് 95 കോടി രൂപയാണ്. 1000 കോടി ക്ലബ്ബിൽ എത്തിയ ഷാരൂഖ് ഖാൻ ചിത്രങ്ങളായ ‘പഠാൻ’, ‘ജവാൻ’ എന്നിവയെ മറികടന്ന് ബോക്‌സ് ഓഫീസിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് സലാർ. പഠാൻ ആദ്യ ദിനം നേടിയത് 57 കോടി രൂപയാണ്. 129 കോടി രൂപയായിരുന്നു ജവാൻ ആദ്യ ദിനം നേടിയത്.
145 കോടി രൂപ നേടി ഈ വർഷം ഏറ്റവും കൂടുതൽ ഓപ്പണിംഗ് കളക്ഷൻ നേടിയത് വിജയ് ചിത്രം ‘ലിയോ’ ആയിരുന്നു. ഈ റെക്കോർഡ് ആണ് സലാർ തകർത്തിരിക്കുന്നത്. അതേസമയം, വെള്ളിയാഴ്ച അർധരാത്രി 12.21 തന്നെ സലാറിന്റെ ഷോകൾ ആരംഭിച്ചിരുന്നു.
‘ബാഹുബലി’ സീരിസിന് ശേഷം പ്രഭാസിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് ചിത്രമാവുകയാണ് സലാർ. ബാഹുബലിക്ക് ശേഷം എത്തിയ പ്രഭാസിന്റെ എല്ലാ സിനിമകളും തിയേറ്ററിൽ ഫ്‌ലോപ്പ് ആയിരുന്നു. വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിച്ചത്.
ദേവ എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിൽ വേഷമിട്ടത്. ശ്രുതി ഹാസൻ ആണ് നായിക. ജഗപതി ബാബു, ബോബി സിംഹ, ശ്രിയ റെഡ്ഡി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് ചിത്രം നിർമ്മിച്ചത്.