പാക് പതാക പിടിച്ച് റിഹാന, സലിംകുമാറിന്റെ പോസ്റ്റിന് കമന്റായി വ്യാജചിത്രം; ഉടന്‍ മറുപടിയുമായി താരം

കര്‍ഷക സമരത്തെ അനുകൂലിച്ച് നടന്‍ സലിംകുമാര്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ പോപ് താരം റിഹാനയുടെ വ്യാജചിത്രം. പാകിസ്ഥാന്‍ പതാക പിടിച്ചു നില്‍ക്കുന്ന റിഹാനയുടെ വ്യാജചിത്രമാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് മറുപടിയുമായി സലിംകുമാറും എത്തി. യഥാര്‍ത്ഥ ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരത്തിന്റെ മറുപടി.

2019ല്‍ ക്രിക്കറ്റ് മത്സരത്തിനിടെ വെസ്റ്റ് ഇന്‍ഡീസിന്റെ കൊടി പിടിച്ചു നില്‍ക്കുന്ന റിഹാനയുടെ ചിത്രമാണ് മോര്‍ഫ് ചെയ്ത് എത്തിയത്. ചിത്രം ചര്‍ച്ചയായതോടെയാണ് സലിംകുമാറിന്റെ കമന്റ് എത്തിയത്. ഉത്തര്‍പ്രദേശ് ബിജെപി അദ്ധ്യക്ഷന്‍ ശലഭ് മണി തൃപാടി ഉള്‍പ്പെടെയുള്ളവര്‍ റിഹാനയുടെ വ്യാജചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

എന്താണ് നമ്മള്‍ ഇതേ കുറിച്ച് സംസാരിക്കാത്ത് എന്ന ചോദ്യമാണ് റിഹാന ഉയര്‍ത്തിയത്. ഫാമേഴ്സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ്ടാഗും ഇതിനൊപ്പം പങ്കുവെച്ചു. ഇത് രാജ്യാന്തര മാധ്യമ ശ്രദ്ധ നേടിയതോടെ റിഹാനയ്ക്ക് നേരെ വലിയ സൈബര്‍ ആക്രമങ്ങളാണ് നടക്കുന്നത്. താരത്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും വിമര്‍ശിച്ചും പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.

Read more

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് തുടങ്ങിയവരുടെ പ്രതികരണങ്ങള്‍ രാജ്യത്തിനെതിരേ നടക്കുന്ന ഗൂഢാലോചനയുടെ തെളിവാണെന്ന കേന്ദ്ര വാദത്തിനെതിരെയാണ് സലിംകുമാര്‍ പ്രതികരിച്ചത്.