അഭിനേതാക്കളും ടെക്‌നീഷ്യന്‍മാരും ഒരുപോലെ, എല്ലാവര്‍ക്കും തുല്യ വേതനം; ആദ്യ നിര്‍മ്മാണത്തില്‍ ചരിത്ര തീരുമാനവുമായി സാമന്ത

സാമന്തയുടെ പ്രെഡക്ഷന്‍ ഹൗസില്‍ നിന്നും പുറത്തിറങ്ങുന്ന ആദ്യ ചിത്രത്തില്‍ ലിംഗഭേദമന്യേ എല്ലാ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും തുല്യവേതനം. തെലുങ്ക് സിനിമാ സംവിധായകയും എഴുത്തുകാരിയുമായ നന്ദിനി റെഡ്ഡിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സാമന്തയോടൊപ്പം മറ്റു രണ്ട് ഹിറ്റ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നന്ദിനി ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായുള്ള സംഭാഷണത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 2023ല്‍ ആണ് ട്രലാല മൂവിങ് പിക്ചേര്‍സ് എന്ന പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചതായി സാമന്ത അറിയിച്ചത്.

ട്രലാല മൂവിങ് പിക്ചേര്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ‘ബന്‍ഗാരം’ എന്ന് പേരിട്ടിരിക്കുന്ന ആദ്യ ചിത്രത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും തുല്യവേതനം നല്‍കുമെന്ന് സാമന്ത അറിയിച്ചിരുന്നു, നന്ദിനി റെഡ്ഡി പറഞ്ഞു. സാമന്തയെ നായികയാക്കി ‘ഓ ബേബി’, ‘ജബര്‍ദസ്ത്’ എന്നീ ചിത്രങ്ങളാണ് നന്ദിനി റെഡ്ഡി ഒരുക്കിയത്.

പ്രതിഫലവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിലനില്‍ക്കുന്ന ജെന്‍ഡര്‍ ഗ്യാപ്പിനെ കുറിച്ച് സംസാരിക്കവേയാണ് സാമന്തയുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രചോദനാത്മകമായ നീക്കത്തെ കുറിച്ച് നന്ദിനി സംസാരിച്ചത്. നിര്‍മിക്കുന്ന ചിത്രങ്ങളില്‍ തുല്യ വേതനം നടപ്പിലാക്കിയ ആദ്യ ഇന്ത്യന്‍ അഭിനേത്രിയായിരിക്കാം സാമന്ത എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.