ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ‘ചീനാ ട്രോഫി’ എന്ന സിനിമ പറയുന്ന രാഷ്ട്രീയം തന്നെ ആകര്‍ഷിച്ചുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കമ്മ്യൂണിസ്റ്റ് കപടമുഖം വലിച്ചു കീറുന്ന ചിത്രം ചെങ്കൊടിക്ക് ഒരു ഏറ് വച്ചു കൊടുത്തിട്ടുണ്ട് എന്നാണ് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
”ചീനാ ട്രോഫി എന്ന ധ്യാന്‍ ശ്രീനിവാസന്‍ സിനിമ ഇന്നലെ കണ്ടു. ചെറിയ പടമാണ്. കുറച്ച് തമാശകള്‍ ഒക്കെ ഉള്ള ഒരു ഫീല്‍ ഗുഡ് മൂവി. പക്ഷേ എന്നെ ആകര്‍ഷിച്ചത് ഈ ചെറിയ സിനിമ പറഞ്ഞ രാഷ്ട്രീയവും അതുപറയാന്‍ അവര്‍ കാണിച്ച ചങ്കുറപ്പുമാണ്. മനുഷ്യാവകാശത്തെ കുറിച്ച് പുരപ്പുറത്തു നിന്ന് ഗിരിപ്രഭാഷണം നടത്തുന്ന കമ്മ്യൂണിസ്റ്റ് കപടമുഖം വലിച്ചു കീറുന്നുണ്ട് ഈ സിനിമ.”
”ചൈന ടിബറ്റില്‍ നടത്തുന്നത് അധിനിവേശമാണെന്ന് പറയുക മാത്രമല്ല ചെങ്കൊടിക്ക് ഒരു ഏറും വച്ചു കൊടുത്തിട്ടുണ്ട് സിനിമയില്‍. അതിഷ്ടമായി. അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ പോയാല്‍ കുറച്ച് നേരം ചിരിക്കാം” എന്നാണ് സന്ദീപ് വാര്യര്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, കുട്ടനാട്ടിലെ ഒരു ഗ്രാമത്തില്‍ പലഹാരങ്ങള്‍ നിര്‍മ്മിച്ച് കടകളില്‍ വിതരണം ചെയ്ത് ജീവിക്കുന്ന സാധാരണക്കാരനായ ഒരു യുവാവിനെ തേടി ചൈനയില്‍ നിന്നും ഒരു യുവതി വരുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചീനാ ട്രോഫിയുടെ ഇതിവൃത്തം.
അനില്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് എന്നീ താരങ്ങളും അഭിനയിച്ചിട്ടുണ്ട്.