തെന്നിന്ത്യൻ സെൻസേഷൻ കാർത്തിക് സുബ്ബരാജും സൂപ്പർ താരം സൂര്യയും ആദ്യമായി ഒന്നിക്കുന്നുവെന്ന വാർത്ത വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ഏറ്റെടുത്തത്. വിജയ്- കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ പുതിയ ചിത്രം വരുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ അപ്രതീക്ഷിതമായാണ് സൂര്യയുമായുള്ള പുതിയ ചിത്രം കാർത്തിക് സുബ്ബരാജ് പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്.
സൂര്യയുടെ കരിയറിലെ 44 -ാം ചിത്രമാണ് സൂര്യ- കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിലൂടെ പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ സംഗീത സംവിധായകനായി സന്തോഷ് നാരായണൻ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജൂൺ 17ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. എഏ വർഷം അവസാനമായിരിക്കും ചിത്രത്തിന്റെ റിലീസ്.
ലവ്, ലോഫർ, വാർ എന്നാണ് സിനിമയ്ക്ക് നൽകിയിരിക്കുന്ന ടാഗ് ലൈൻ. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റ്സും, കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കാർത്തിക് സുബ്ബരാജിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ‘ജിഗർതണ്ട ഡബിൾ എക്സ്’ തെന്നിന്ത്യൻ സിനിമയിൽ ഒരുപോലെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു.
ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യാണ് സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ.