സന്തോഷ് പണ്ഡിറ്റിന്റെ ചിത്രവുമായി 'മാസ്റ്റര്‍പീസി'ന്റെ പ്രമോഷന്‍ പോസ്റ്റര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന “മാസ്റ്റര്‍പീസി”ല്‍ സന്തോഷ് പണ്ഡിറ്റും ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയില്‍ സന്തോഷ് പണ്ഡിറ്റ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രം നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ മാസ്റ്റര്‍ പീസിന്റെ പ്രമോഷന്‍ പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ കിടിലന്‍ ഗെറ്റപ്പിലുള്ള ഒരു പ്രൊഫസറിന്റെ വേഷത്തിലാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്.

ഉരുക്കു സതീശന്‍ എന്ന തന്റെ സ്വന്തം ചിത്രത്തിന്റെ തിരക്കുകള്‍ക്കിടയിലാണ് പണ്ഡിറ്റ് മാസ്റ്റര്‍ പീസില്‍ അഭിനയിച്ചിരിക്കുന്നത്. മുഖ്യധാര സിനിമയിലേക്കുള്ള പണ്ഡിറ്റിന്റെ ചുവടുവയ്പ്പ് കൂടിയാണ് ഈ ചിത്രം. കൊല്ലം ഫാത്തിമാ കോളജിലും കൊച്ചിയിലുമായി നൂറ് ദിവസത്തോളമാണ് ചിത്രം ഷൂട്ട് ചെയ്തത്. അജയ് വാസുദേവ് ആണ് ചിത്രത്തിന്റെ സംവിധാനം.

കുഴപ്പക്കാരായ കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്ക് എത്തുന്ന കുഴപ്പക്കാരനായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മുകേഷ്, ഉണ്ണി മുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, പൂനം ബജ്വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി, ജോളി മൂത്തേടന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രീകരണത്തിന് ശേഷം സിനിമയുടെ ലൊക്കേഷനില്‍ നിന്ന് എല്ലാ താരങ്ങളും മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.