മലയാളസിനിമ ഇന്ന് വളരെയധികം പ്രതീക്ഷ തരുന്ന പാതയില്‍ സഞ്ചരിക്കുമ്പോള്‍ മറ്റെന്തിനേക്കാളും ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് സ്ത്രീകഥാപാത്രങ്ങളെ, സ്ത്രീത്വത്തെ ഒക്കെ അവതരിപ്പിക്കുമ്പോള്‍ കൈവന്ന, കൈവരുന്ന പക്വതയും കൃത്യതയും. വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ നായകരില്‍ തളച്ചിട്ട, നായകരെ ഉദ്‌ഘോഷിക്കുന്നവരില്‍ തളച്ചിടപ്പെട്ട മലയാളസിനിമയുടെ കാതലിനിപ്പോള്‍ പെണ്മയുടെ കരുത്തും ചിന്തയുടെയും സൗന്ദര്യത്തിന്റെയും പ്രൗഢിയുമുണ്ട്. നായകനില്‍ അരികു ചേര്‍ക്കാത്ത സ്വപ്നങ്ങളും സന്തോഷങ്ങളും കണ്ണീരും മോഹങ്ങളും നിശ്ചയങ്ങളും ഒക്കെയുള്ള നായിക കഥകള്‍ അങ്ങിങ്ങായി മലയാളസിനിമയുടെ നെറുകയില്‍ വിടരുന്ന കാഴ്ചയ്ക്കിടയില്‍ ഇവയ്ക്കു ജീവന്‍ നല്‍കിയ പെണ്ണുങ്ങള്‍ അപ്രസക്തരാക്കപ്പെടുന്നുണ്ടോ?
ഏതാനും മികച്ച കഥാപാത്രങ്ങളെ തിരശ്ശീലയില്‍ അവതരിപ്പിച്ചിട്ടും കാറ്റഗറൈസ് ചെയ്യപ്പെടുകയും വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരിക്കുകയും ചെയ്യുന്ന നടിമാരില്‍ ഒരാളാണ് സരിത കുക്കു. ഏല്‍പ്പിക്കപ്പെട്ട വേഷങ്ങള്‍ ഏതു തന്നെയായാലും പൂര്‍ണമായും അതുമായി ഇഴുകിച്ചേര്‍ന്ന്, അവയെ പരമാവധി മികച്ചതാക്കുവാന്‍ സരിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആയിരുന്ന സരിത കുക്കുവിന്റെ ആദ്യ ചിത്രം 2012-ല്‍ പുറത്തിറങ്ങിയ “പാപ്പിലിയോ ബുദ്ധ”യാണ്. ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ച ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ സരിത കുക്കു അനശ്വരമാക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ആഷിഖ് അബുവിന്റെ റാണി പദ്മിനിയിലെ “മോറല്‍ വാല്യു” ഉള്ള കഥകളിലെ ഒന്നില്‍ പ്രത്യക്ഷപ്പെട്ട സരിത കുക്കു “ആഭാസത്തിലും” ചെറിയൊരു വേഷം ചെയ്തിരുന്നു. മുരളി ഗോപി, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2017-ല്‍ അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത “കാറ്റ്” എന്ന ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ സരിത കുക്കു അവതരിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ വെളുത്ത രാത്രി, വൃത്താകൃതിയിലുള്ള ചതുരം, തുടങ്ങിയ ചിത്രങ്ങളിലും സരിത അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും സന്തോഷകരമായ വസ്തുത എന്തെന്നാല്‍ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായ “വെയില്‍ മരങ്ങളില്‍” സരിത കുക്കു കേന്ദ്രകഥാപാത്രമാണ് എന്നതാണ്. ഡോ. ബിജുവിന്റെ സംവിധാനത്തില്‍ ഇന്ദ്രന്‍സ് പ്രധാന വേഷമിട്ട “വെയില്‍ മരങ്ങള്‍” ഷാങ്ഹായ് ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡ് നേടുന്നത് ഈ അഭിനേത്രിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. എങ്കില്‍ത്തന്നെയും ഇന്ദ്രന്‍സിനൊപ്പം പല ചര്‍ച്ചകളിലും നായികയുടെ പേര്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നില്ല എന്നുതന്നെ പറയേണ്ടിവരും.
Read more
മലയാളസിനിമയ്ക്ക് മാത്രമല്ല, പ്രേക്ഷകനും അവന്റെ സ്വീകാര്യതകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും മാറ്റം വന്നിട്ടുണ്ട്. മാറ്റങ്ങളെ ഉള്‍ക്കൊണ്ട സിനിമകളിലെ കഥാപാത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകര്‍ എന്തുകൊണ്ട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയവരെ ലിംഗഭേദമെന്യെ അംഗീകരിക്കാന്‍ താത്പര്യപ്പെടുന്നില്ല എന്നത് ചര്‍ച്ചചെയ്യപ്പെടേണ്ട ഒന്നുതന്നെയാണ്.