ജീവിതത്തിന്റെ തിരശീലയില്‍ നിന്നും നടന്‍ സത്താര്‍ എന്നന്നേക്കുമായി വിട പറഞ്ഞു. മലയാള സിനിമയില്‍ നായകനില്‍ തുടങ്ങി ശക്തമായ വില്ലന്‍ കഥാപാത്രങ്ങളില്‍ തിളങ്ങിയ താരമാണ് സത്താര്‍. 1975- ല്‍ “ഭാര്യയെ ആവശ്യമുണ്ട്” എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സത്താര്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ “അനാവരണ”ത്തിലൂടെ നായക വേഷത്തിലേക്ക് എത്തി.
ആലുവ യുസി കോളജിലെ പഠനത്തിനിടെ തോന്നിയ കൗതുകമാണ് സത്താറിനെ സിനിമയിലേക്കെത്തിച്ചത്. പഠന കാലയളവില്‍ പ്രേംനസീര്‍ സിനിമയിലേക്ക് പുതുമുഖ താരത്തെ ആവശ്യമുണ്ട് എന്ന പരസ്യമാണ് സത്താറിന്റെ ജീവിതം മാറ്റി മറിച്ചത്. വിന്‍സെന്റ് മാഷ് ഒരുക്കിയ അനാവരണം എന്ന ചിത്രത്തിലെ നായകവേഷത്തിലേക്കാണ് സത്താര്‍ പരിഗണിക്കപ്പെട്ടത്. എഴുപതുകളുടെ മധ്യത്തില്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ വിജയം സത്താറിനെ പ്രേക്ഷകരുടെ ഇടയില്‍ താരമുല്യമുള്ള നടനാക്കി മാറ്റി.
ജയനും സോമനും സുകുമാരനും തിളങ്ങിയ കാലഘട്ടത്തിലാണ് സത്താര്‍ എന്ന നടനും സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ജയന്റെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ “ശരപഞ്ജര”ത്തില്‍ സത്താറും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. അവളുടെ രാവുകള്‍, ബെന്‍സ് വാസു, യത്തീം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
1979- ലാണ് നടി ജയഭാരതിയെ സത്താര്‍ വിവാഹം ചെയ്തത്. ബീന എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമായിരുന്നു വിവാഹം. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. മമ്മൂട്ടി-മോഹന്‍ലാല്‍ തരംഗം വന്നതോടെ സത്താര്‍ വില്ലന്‍ വേഷങ്ങളിലേക്ക് കൂടുമാറി.
ഒരിടവേളക്ക് ശേഷം ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം , കാഞ്ചി, നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിലെത്തി. മലയാളത്തില്‍ തന്നെ 150 ഓളം ചിത്രങ്ങള്‍ ചെയ്ത സത്താര്‍ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2014 ല്‍ “പറയാന്‍ ബാക്കി വച്ച”താണ് സത്താറിന്റെ അവസാന ചിത്രം.