നടന്‍ ധനുഷിനെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. സിനിമാ പോസ്റ്ററില്‍ പുകവലി ദൃശ്യം ഉള്‍പ്പെടുത്തിയതിന് എതിരെ ‘കോട്പ’ നിയമപ്രകാരം ധനുഷിനെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നടപടി.
2014ല്‍ പുറത്തിറങ്ങിയ ‘വേല ഇല്ലാ പട്ടധാരി’ എന്ന സിനിമയുടെ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ധനുഷിനും എതിരെയായിരുന്നു ഹര്‍ജി നല്‍കിയത്. പുകവലി നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സംസ്ഥാന കണ്‍വീനര്‍ സിറില്‍ അലക്‌സാണ്ടറാണ് ഹര്‍ജിക്കാരന്‍.
എന്നാല്‍, പുകവലി ഉല്‍പ്പന്നങ്ങളുമായോ പുകയില വ്യാപാരവുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളാണ് പ്രസ്തുത സിനിമയുടെ ഭാഗമെന്ന് കോടതി ചൂണ്ടിക്കാട്ടി. പുകയില ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ, വിതരണവുമായി ബന്ധപ്പെട്ടവരല്ല പോസ്റ്റര്‍ സ്ഥാപിച്ചത്.
ഉല്‍പ്പന്നത്തിന്റെ പ്രചാരണത്തിനായി സ്ഥാപിച്ചതായി കണക്കാക്കാനുമാകില്ല. അതിനാല്‍, ഹരജിയില്‍ ഇടപെടുന്നില്ലെന്നും നേരത്തെ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഹൈകോടതി വിധി ശരിവെക്കുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.