കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിച്ച ബിഗ് ബജറ്റ് ചിത്രം ‘വിക്രം’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ മണിക്കൂറുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനിടെ ചിത്രം കാണാന്‍ പോകുന്ന പ്രേക്ഷകരോട് ഒരു അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ്.
തന്റെ ചിത്രമായ കൈതി കണ്ടതിന് ശേഷം വിക്രം കാണണമെന്നാണ് പ്രേക്ഷകരോട് ലോകേഷ് കനകരാജ് ആവശ്യപ്പെട്ടിരിക്കുന്നത്. ‘പ്രിയപ്പെട്ട പ്രേക്ഷകരോട്, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിക്രം നിങ്ങളുടേതാകാന്‍ പോകുന്നു. നിങ്ങള്‍ ഇത് ആസ്വദിക്കുമെന്നും അതിശയകരമായ ഒരു തിയേറ്റര്‍ അനുഭവം നിങ്ങള്‍ക്ക് ഉണ്ടാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു! ‘വിക്രം’ നിങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് ദയവായി ‘കൈതി’ വീണ്ടും കാണുക’ ലോകേഷ് കനകരാജ് ട്വീറ്റ് ചെയ്തു.
മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണ്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് നിര്‍മാണം.
നരേന്‍, അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. റിലീസിന് മുന്‍പ് തന്നെ ചിത്രം 200 കോടി ക്ലബില്‍ കയറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ചിത്രം സാറ്റ്‌ലൈറ്റിലും ഒ.ടി.ടിയിലുമായാണ് ഭീമന്‍ തുകയ്ക്ക് അവകാശം വിറ്റത്.
#Vikram 🔥@ikamalhaasan pic.twitter.com/vMKR4HnImF
— Lokesh Kanagaraj (@Dir_Lokesh) June 2, 2022
Read more