പരക്കംപ്പാഞ്ഞ് നടന്മാർ; കേസിൽ ഇനിയുമെത്ര പേർ കുടുങ്ങും?

ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നടനും മുൻ എഎംഎംഎ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ അതിജീവിത പറയുന്നത് പോലെ സിദ്ദിഖ് അന്നേദിവസം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നതിന്റെ രേഖകൾ പൊലീസിന് ലഭിച്ചു. 2016-ലാണ് സിദ്ദിഖ് തന്നെ ഹോട്ടലിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അതിജീവിത വെളിപ്പെടുത്തിയത്. ബലാത്സംഗകുറ്റം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് സിദ്ദിഖിനെതിരെ ചുമത്തിയിരിക്കുന്നത്.

നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെയാണ് ഒന്നിൽകൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്. മുകേഷിനെതിരെ മുൻ ഭാര്യ സരിതയുടെ അഭിമുഖവും പുറത്തുവന്നതോട് കൂടി വലിയ രീതിയിലുള്ള പ്രതിഷേധമാണ് മുകേഷിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്. കൊച്ചിയിലെ അതിജീവിതയുടെ പരാതിയിൽ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ബലാത്സംഗകുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന അംഗവിക്ഷേപം തുടങ്ങീ കുറ്റങ്ങളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി അടുത്ത അഞ്ച് ദിവസത്തേക്ക് താരത്തിന്റെ അറസ്റ്റ് തടയണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

മുകേഷിന് പുറമേ അതിജീവിതയുടെ പരാതിയിൽ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങാൻ ആവശ്യപ്പെടൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം തുടങ്ങീ കുറ്റങ്ങളാണ് ജയസൂര്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗ കുറ്റവും, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങീ കുറ്റങ്ങളാണ് മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസ് ചുമത്തിയിട്ടുള്ളത്. ബലാത്സംഗകുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങളാണ് ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പൊലീസ് ചുമത്തിയിട്ടുള്ളത്.

മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സംവിധായകൻ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടിവന്നത്. രഞ്ജിത്തിനെതിരെ അന്വേഷണം പുരോഗമിക്കവെയാണ് ഇന്നലെ ഗുരുതര വെളിപ്പെടുത്തലുമായി യുവാവ് രംഗത്തുവന്നത്. ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അവസരം വാഗ്ദാനം ചെയ്ത് ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ. കേസിൽ ഇതുവരെ അറസ്റ്റുകളൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. യൂട്യൂബിലൂടെ കുപ്രസിദ്ധരായ സന്തോഷ് വർക്കി, അലിൻ ജോസ് പെരേര എന്നിവർക്കെതിരെ ട്രാൻസ്ജൻഡർ യുവതി നൽകിയ ബലാത്സംഗ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൂടാതെ നടൻ ബാബുരാജ്, സംവിധായകനും നിർമ്മാതാവുമായ ശ്രീകുമാർ മേനോൻ, സംവിധായകൻ തുളസീദാസ്, വികെ പ്രകാശ്, ബിരിയാണി സംവിധായകൻ സജിൻ ബാബു, ബ്രോ ഡാഡി അസിസ്റ്റൻറ് ഡയറക്ടർ മൻസൂർ റഷീദ് എന്നിവർക്കെതിരെയും കഴിഞ്ഞ ദിവസം വെളിപ്പെടുത്തലുകൾ വന്നിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപ് ഒമർ ലുലു, നിവിൻ പോളി ചിത്രം പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണ, നടനും നിർമ്മാതാവുമായ വിജയ് ബാബു എന്നിവർക്കെതിരെയും നേരത്തെ ബലാത്സംഗ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ ഇൻഡസ്ട്രി എത്രത്തോളം പുരുഷമേധാവിത്വം നിറഞ്ഞതും, ലൈംഗികാതിക്രമം നിറഞ്ഞതും, സ്ത്രീകൾക്ക് അടിസ്ഥാനപരമായ തൊഴിലാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കുന്നതുമായ ഇടമാണെന്ന് സമൂഹത്തിന് മുന്നിൽ വെളിപ്പെട്ടിരിക്കുകയാണ്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പ്രമുഖ നടന്മാരടങ്ങുന്ന ഒരു ക്രിമിനൽ മാഫിയയാണെന്ന വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് സമൂഹം കേട്ടത്. അറുപതോളം പേജുകൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും