2024-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആദായനികുതി അടച്ച സെലിബ്രിറ്റികളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് ബിസിനസ് മാഗസിനായ ‘ഫോർച്യൂൺ ഇന്ത്യ’. ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. റിപ്പോർട്ട് പ്രകാരം 2023-2024 സാമ്പത്തിക വർഷത്തിൽ 92 കോടി രൂപയാണ് ഷാരൂഖ് നികുതിയായി സർക്കാർ ഖജനാവിലേക്ക് അടച്ചത്.
തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ്, ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ തുടങ്ങിയവരാണ് ഷാരൂഖ് ഖാന് പിന്നിലുള്ളത്. മോഹൻലാൽ മാത്രമാണ് മലയാളത്തിൽനിന്ന് താരനികുതി പട്ടികയിൽ ആദ്യ 20 പേരിൽ ഇടംപിടിച്ചത്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്നത് സെലിബ്രിറ്റി ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ്. 66 കോടി രൂപയാണ് താരം നികുതിയടച്ചത്.
അടുത്ത് തന്നെ രാഷ്ട്രീയത്തിൽ തുടക്കം കുറിക്കാനിരിക്കുന്ന വിജയ് 80 കോടി രൂപ നികുതിയും ബോളിവുഡ് താരം സൽമാൻ ഖാൻ 75 കോടിയുമാണ് നൽകിയത്. ഭാര്യ ജയ ബച്ചനൊപ്പം 1,578 കോടി രൂപയുടെ മൊത്തം ആസ്തിയുള്ള അമിതാഭ് ബച്ചൻ 71 കോടി രൂപയാണ് നികുതി അടച്ചത്.
42 കോടി രൂപ നികുതി അടച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട അജയ് ദേവ്ഗൺ ആണ് ലിസ്റ്റിലെ അടുത്ത താരം. അജയ് ദേവ്ഗണിന് പിന്നാലെ 36 കോടി രൂപ നികുതി അടച്ച് രൺബീർ കപൂർ ആണുള്ളത്. രൺബീറിൻ്റെ ഭാര്യയും നടിയുമായ ആലിയ ഭട്ട് ഈ ലിസ്റ്റിൽ ഇല്ല. യഥാക്രമം 28 കോടിയും 26 കോടിയും നികുതിയായി അടച്ച് ഹൃത്വിക് റോഷനും കപിൽ ശർമ്മയും ആണ് ലിസ്റ്റിൽ പിന്നിലുള്ളത്.
ബോളിവുഡ് താരമായ കരീന കപൂർ 20 കോടി രൂപയാണ് നികുതിയിനത്തിൽ അടച്ചത്. ഭർത്താവ് നടൻ സെയ്ഫ് അലി ഖാൻ ഈ പട്ടികയിൽ ഇല്ല. ഷാഹിദ് കപൂർ 14 കോടിയാണ് നികുതി അടച്ചത്. നടന്മാരായ മോഹൻലാലും അല്ലു അർജുനും 14 കോടി രൂപയാണ് നികുതിയായി നൽകിയത്. കിയാര അദ്വാനി 12 കോടി, കത്രീന കൈഫും പങ്കജ് ത്രിപാഠിയും 11 കോടി രൂപ, ആമിർ ഖാൻ 10 കോടി രൂപ എന്നിങ്ങനെയാണ് കണക്കുകൾ.
മുമ്പ് ഇത്തരത്തിലുള്ള നിരവധി ലിസ്റ്റുകളിൽ പ്രത്യക്ഷപ്പെട്ട അക്ഷയ് കുമാർ ഇത്തവണ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. 2022ൽ അക്ഷയ് കുമാറിന് ആദായനികുതി വകുപ്പിൽ നിന്ന് ‘സമ്മാൻ പത്ര’ ലഭിച്ചിരുന്നു. ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ ‘നികുതി അടയ്ക്കാൻ എൻ്റെ അച്ഛൻ എന്നെ പഠിപ്പിച്ചു എന്നും ആരും എൻ്റെ വീട്ടിൽ വന്ന് ഞാൻ പണം എവിടെ ഒളിപ്പിച്ചുവെന്ന് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഹുറൂൺ പുറത്തു വിട്ട ഏറ്റവും റിപ്പോർട്ട് പ്രകാരം സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ ഷാരൂഖ് ഖാൻ തന്നെയാണ് ഇടം പിടിച്ചിരിക്കുന്നത്. 7,300 കോടി രൂപയാണ് താരത്തിന്റെ സമ്പത്ത്. ഭാര്യ ഗൗരിയുടെ സഹ ഉടമസ്ഥതയിലുള്ള അദ്ദേഹത്തിൻ്റെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റ്, ജൂഹി ചൗളയുടെ സഹ ഉടമസ്ഥതയിലുള്ള അദ്ദേഹത്തിൻ്റെ ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവ അദ്ദേഹത്തിൻ്റെ വമ്പിച്ച സമ്പത്തിന് സംഭാവന നൽകിയ പ്രധാന ഘടകങ്ങളാണ്. കഴിഞ്ഞ വർഷം മാത്രം 2,000 കോടി രൂപയിലേറെയാണ് ബോക്‌സോഫീസിൽനിന്ന് ഷാരൂഖ് ചിത്രങ്ങൾ വാരി കൂട്ടിയത്.