സംഗീത സംവിധായകന്‍ സച്ചിന്‍ ബാലുവിനെ പ്രശംസിച്ച് ഗായകനും ഗാനരചയിതാവുമായ ഷഹബാസ് അമന്‍. ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും ഒന്നിക്കുന്ന ഷൈജു അന്തിക്കാട് ചിത്രം “ഭൂമിയിലെ മനോഹര സ്വകാര്യ”ത്തിലെ “”സ്മരണകള്‍ കാടായ്”” എന്ന ഗാനം ഒരുക്കിയതിനാണ് സച്ചിനെ പ്രശംസിച്ച് ഷഹബാസ് അമന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഷഹബാസ് അമനും സിതാര കൃഷ്ണകുമാറും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇത് ഒരു സച്ചിൻബാലു പാട്ട്❤️
എഴുത്ത്:പ്രിയ അൻവർ അലി
ചിത്രം: ഭൂമിയിലെ മനോഹര സ്വകാര്യം.
വടക്കൻ കേരളത്തിലെ
തലശ്ശേരി വടകര ഖരാനകൾ മാത്രം മലയാള സിനിമാസിനിമേതര സംഗീതവിഭാഗങ്ങളിലേക്ക് പല കാലങ്ങളിലായി കോണ്ട്രിബ്യൂട്ട് ചെയ്തിട്ടുള്ളത് ഹൈലിറ്റാലന്റഡ് അർട്ടിസ്റ്റുകളെയാണു.
അതിനു അവരെ പ്രാപ്തരാക്കിയതാവട്ടെ ശക്തരായ ഗുരുക്കന്മാരുടെ ഒരു വൻ നിരയും.അറിയാവുന്ന ചില പേരുകൾ മാത്രം താഴെ! (വിട്ടുപോയവരെ അറിവുള്ളവർ കൂട്ടിച്ചേർക്കട്ടെ)
രാഘവൻ മാഷ് മുതൽക്ക്
തുടങ്ങുന്നു അത്!
ഉസ്താദ് ഹാരിസ് ബായ്,ചാന്ദ് പാഷ, വടകര കൃഷ്ണദാസ്,എ.ടി.ഉമ്മർ, ബാലൻ മാസ്റ്റർ
ഉമ്മർ മാഷ്,നൂറുദ്ദീൻക്ക
തുടങ്ങിയ വിവിധ കളരികളിൽ നിന്നായി
വടകര കുഞ്ഞുമൂസ
എരഞ്ഞോളി മൂസ
തലശ്ശേരി റഫീഖ്
വിടി മുരളി
വിനീത് ശ്രീനിവാസൻ
എന്നീ ഗായകരും
റോഷൻ ഹാരിസ് എന്ന കേരളത്തിലെ ഏറ്റവും മെലോഡിയസ് തബല വാദകനും
രമേഷ് നാരായണൻ എന്ന ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധയകനും
ദീപക്ദേവ്
സുശിൻ ശ്യാം
സച്ചിൻ ബാലു
എന്നീ പുതുതലമുറ മ്യൂസിക് ഡയറക്ടേഴ്സും ഉണ്ടായി(അറിയാത്തത് കൊണ്ട് വിട്ടുപോയ പേരുകൾ അറിവുള്ളവർ പൂരിപ്പിക്കട്ടെ.കണ്ണൂർ കാസർഗോഡ് ചരിത്രവഴികളും മഹത്തായ കോഴിക്കോടൻ താവഴിയും ഇതിൽ പ്രദിപാദിക്കാൻ ഉദ്ദേശിച്ചിട്ടില്ല.
സച്ചിനെക്കുറിച്ച് പറഞ്ഞപ്പോൾ ചെറിയൊരു തലശ്ശേരിയൻ പശ്ചാത്തലസൂചന നൽകി എന്നുമാത്രമേയുള്ളു)
മലയാള സിനിമയിലെ പുതുതലമുറ തലശ്ശേരിക്കുട്ടികളിൽ ട്യൂണിലെ മെലഡി ടച്ച് കൊണ്ട് പ്രതീക്ഷയേറെത്തരുന്നു, സച്ചിൻ ബാലു! (ബാലൻ മാസ്‌റ്റർ കളരി മാത്രമല്ല,സച്ചിൻ.അദ്ദേഹത്തിന്റെ പ്രിയ പുത്രനുമാണു) നല്ലഗായകൻ, നല്ല വീണ വാദകൻ, സെൻസിബിൾ പ്രോഗ്രാമർ തുടങ്ങിയ വേഴ്സറ്റാലിറ്റി അതിനു അയാൾക്കു കൂട്ടായുണ്ട്!
മുൻനടന്നവരെ എന്നപോലെ സച്ചിൻ ബാലുവിനെ തേടിയും മികച്ച അവസരങ്ങൾ വരട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.മ്യൂസിക് ചെയ്യാൻ മാത്രമല്ല; പാടാനും! കിസ്മത്തിനു വേണ്ടി, “കിസപാതിയിൽ” എന്ന സുശിൻ പാട്ട് അതീവ മനോഹരമായി സച്ചിൻ ആലപിച്ചത് നിങ്ങളോർക്കുന്നുണ്ടാവും!
യുഗ്മഗാനങ്ങൾ ഇപ്പോൾ ആരും ഒരുമിച്ചല്ല പാടാറെന്ന് അറിയാമല്ലൊ.സ്വന്തം ഭാഗം പാടാനായി സ്റ്റുഡിയോയിലെത്തുമ്പോൾ സ്വാഭാവികമായും സിതാര അവിടെ ഇല്ലായിരുന്നു! പക്ഷേ, അവൾ പാടി വെച്ച പാതി ഭാഗം പാട്ടിന്റെ മുഴുവൻ ആത്മാവിനെയും ചൂഴ്‌ന്ന് നിൽക്കുന്നതായി തോന്നി! അതിനാൽത്തന്നെ അതിന്റെ ഇണഭാഗം പാടുക അത്ര എളുപ്പമായിരുന്നില്ല!
കേട്ടു നോക്കൂ! ആ കുട്ടി എത്ര മനോഹരമായാണു പാടിയിരിക്കുന്നതെന്ന്! “പ്രണയഗതം” എന്ന ഒരു വാക്കിൽ പിടിച്ചാണു പിന്നെ അതിലേക്ക് കേറിപ്പടരാൻ കഴിഞ്ഞത്! ആത്മഗതം പോലെ അതിന്റെ ശരിയായ ഇണഭാഗം അപ്പോൾ വീണു കിട്ടി! അൻവർ അലിയെപ്പോലെ പുതിയ വാക്കിനു വേണ്ടി നോവനുഭവിക്കാൻ സാഹസം കാണിക്കുന്ന പുതിയ കാല പാട്ടെഴുത്തുകാർ വേറെ ആരുണ്ടെന്നറിയില്ല.
ഡാ സച്ചിനേ.. അർദ്ധശതം പിന്നിടുന്ന വിഷാദസ്വരമുള്ള പഴയ പടക്കുതിരയെയും കൊണ്ട് പോയി പുതിയ പ്രേമക്കുതിപ്പിന്റെ കളത്തിൽച്ചെന്ന് ബെറ്റ് വെക്കാൻ നിനക്കാരാണു ധൈര്യം തന്നത്?❤️?
നന്ദി.
എല്ലാവരോടും സ്നേഹം…