ലൈംഗികാരോപണത്തെ തുടർന്ന് രാജിവെച്ച് പുറത്തുപോവേണ്ടി വന്ന രഞ്ജിത്തിന് പകരം ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് വിഖ്യാത സംവിധായകൻ ഷാജി എൻ കരുണിനെ പരിഗണിക്കാൻ സാധ്യത. നിലവില്‍, കെഎസ്എഫ്‌ഡിസി ചെയര്‍മാനും ചലച്ചിത്രവികസന നയരൂപീകരണ സമിതി അധ്യക്ഷനുമാണ് ഷാജി എൻ കരുൺ.
ചലച്ചിത്ര അക്കാദമി സ്ഥാനത്തേക്ക് ഇനിയെങ്കിലുമൊരു സ്ത്രീയെ കൊണ്ടുവരണമെന്ന് കലാ- സാംസ്കാരിക മേഖലയിൽ നിന്നും നിർദ്ദേശങ്ങൾ ഉയർന്നുവന്നിരുന്നു. എഡിറ്റർ ബീന പോൾ, ഐഎഫ്എഫ്കെ ആർടിസ്റ്റിക് ഡയറക്ടർ ആയിരുന്ന ദീപിക സുശീലൻ എന്നിവരുടെ പേരുകളായിരുന്നു പ്രധാനമായും ഉയർന്നുകേട്ടിരുന്നത്. എന്നാൽ കേരള രാജ്യാന്തര ചലച്ചിത്ര മേള അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഷാജി എൻ കരുണിനെ തന്നെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത.
ഷാജി എൻ കരുൺ സ്ഥാനമൊഴിയുന്ന കെഎസ്എഫ്‌ഡിസി അധ്യക്ഷ സ്ഥാനത്തേക്ക് കമലിനെ പരിഗണിക്കാനും സാധ്യതകളുണ്ട്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെ തുടർന്നാണ് രഞ്ജിത്തിന് രാജി വെച്ച് പുറത്തുപോവേണ്ടി വന്നത്.
‘പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഹോട്ടൽ മുറിയിൽ വെച്ചാണ് രഞ്ജിത് തന്നോട് അപമര്യാദയായി പെരുമാറിയതെന്നായിരുന്നു ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ.