സിനിമാശാലയിലെ ഇരുണ്ട വെളിച്ചത്തില്‍ 'വെയില്‍' എന്നെഴുതി കാണാനായി കാത്തിരിക്കുന്നു; വെയില്‍ ട്രെയ്‌ലര്‍ പങ്കുവെച്ച് ജോബി ജോര്‍ജ്

ഷെയ്ന്‍ നിഗം ചിത്രം വെയിലിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഒരു ഫാമിലി ഇമോഷണല്‍ ഡ്രാമയാകും ചിത്രം എന്നാണ് ട്രെയ്‌ലറില്‍ നിന്നുള്ള സൂചന. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ്. നടന്‍ ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഷാസ് മുഹമ്മദ് ഛായാഗ്രഹണവും പ്രദീപ് കുമാര്‍ സംഗീതവും ഒരുക്കിയിരിക്കുന്നു. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം ജൂണിലാണ് വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ഷൂട്ടിങ്ങിനിടെ ഷെയ്ന്‍ മുടി മുറിച്ചത് വിവാദത്തിലായിരുന്നു. സിനിമാശാലയിലെ ഇരുണ്ട വെളിച്ചത്തില്‍ വെയില്‍ എന്നെഴുതി കാണണം എന്നാണ് ആഗ്രഹം അതിനായി കാത്തിരിക്കുന്നു എന്നാണ് ജോബി ജോര്‍ജ് ട്രെയ്‌ലര്‍ പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ജോബി ജോര്‍ജിന്റെ കുറിപ്പ്:

ചിങ്ങം 1, മലയാളനാടിന്റെ പുതുവര്‍ഷം… എല്ലാവര്‍ക്കും ഇനിയുള്ള ഒരു വര്‍ഷം നന്മകള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇതോടൊപ്പം നമ്മുടെ വെയില്‍ എന്ന സിനിമയുടെ ട്രൈലെര്‍ ലിങ്ക് ഉണ്ട്.. കാണുക, ഷെയര്‍ ചെയ്യുക, ഈ സിനിമയുടെ അണിയറയില്‍ ഉള്ള ഒരാള്‍ പറഞ്ഞു.. ജോബിച്ചേട്ടന്‍ എന്താണിതിനു വേണ്ടി കഷ്ടപ്പെട്ടതെന്ന്? ഞാന്‍ എന്താ അവനോടു പറയേണ്ടത്??… കഴിഞ്ഞ വര്‍ഷം കേട്ട വിഡ്ഢിത്തരങ്ങളില്‍ ഒന്നായി കരുതി തള്ളി കളയുന്നു.. കഴിഞ്ഞ ഒന്നരക്കൊല്ലം ഇതിനായി ചിലവഴിച്ച സമയം, പണം, അതിലുപരി മാനസിക സംഘര്‍ഷങ്ങള്‍… കൂടുതലൊന്നും പറയാനില്ല..

സിനിമാശാലയിലെ ഇരുണ്ട വെളിച്ചത്തില്‍ വെയില്‍ എന്നെഴുതി കാണണം എന്നാണ് ആഗ്രഹം അതിനായി കാത്തിരിക്കുന്നു.. എന്നാല്‍ നിലവിലെ സാഹചര്യം മാറുന്നില്ല എങ്കില്‍.. നമ്മള്‍ മാറി ചിന്തിച്ചേക്കാം. കാരണം, പണം ലക്ഷ്മി ദേവി ആണ്…എന്ന്. പുരാണം പറയുന്നു, ബൈബിള്‍ പറയുന്നു. പിശുക്കും, ധുര്‍ത്തും ഒരു പോലെ തിന്മകള്‍ ആണ് എന്ന്.. അപ്പോള്‍ ഇതിനു മുടക്കിയ മുതല്‍മുടക്കിനെ ബഹുമാനിക്കണം നിലവില്‍ മലയാള സിനിമയിലെ ആരോട് പറഞ്ഞാലും അവര്‍ ഇത് ഷെയര്‍ ചെയ്ത് സഹായിക്കും എന്നെനിക് ഉറപ്പാണ്..

അപ്പോഴും കാണേണ്ടത് നിങ്ങള്‍ പ്രേക്ഷകര്‍ തന്നെയാണ്.. അപ്പോള്‍ എന്തിനാണ് ഒരു വളഞ്ഞ വഴി? ഞാന്‍ നേരിട്ട് നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ ഓരോരുത്തരും സ്‌നേഹത്തോടെ എന്നെ ഓര്‍ത്താല്‍ മതി.. നമ്മള്‍ക്ക് ജയിച്ചേ പറ്റു.. സ്‌നേഹത്തോടെ എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.

https://www.facebook.com/joby.george.773/posts/10160124191733098