താന്‍ സിനിമയാക്കാനായി അവകാശം വാങ്ങിയ നോവലിലെ രംഗങ്ങള്‍ പുറത്തിറങ്ങിരിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രം പകര്‍ത്തിയെന്ന് സംവിധായകന് ശങ്കര്‍. ഇത് തനിക്ക് ഏറെ വേദനയുണ്ടാക്കി എന്നാണ് ശങ്കര്‍ പറയുന്നത്. സംവിധായകന് കഴിഞ്ഞ ദിവസം എക്സില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് വൈറലാകുന്നത്.
”സു. വെങ്കടേശന്റെ വിഖ്യാതമായ ‘വീരയുഗ നായകന് വേള്‍പാരി’ എന്ന തമിഴ് നോവലിന്റെ പകര്‍പ്പവകാശ ഉടമ എന്ന നിലയില്‍, ഈ നോവലിലെ പ്രധാന രംഗങ്ങള്‍ അനുവാദമില്ലാതെ പല സിനിമകളിലും ഉപയോഗിക്കുന്നത് കാണുന്നതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഏറ്റവും പുതിയൊരു സിനിമയുടെ ട്രെയ്ലറിലും നോവലിലെ പ്രധാന രംഗങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് കണ്ടു.”
Attention to all ! As the copyright holder of Su. Venkatesan’s iconic Tamil novel “Veera Yuga Nayagan Vel Paari”, I’m disturbed to see key scenes being ripped off & used without permission in many movies. Really upset to see important key scene from the novel in a recent movie…
— Shankar Shanmugham (@shankarshanmugh) September 22, 2024
”ഇത് ഏറെ വേദനാജനകവും അസ്വസ്ഥതപ്പെടുത്തുന്നതുമാണ്. ദയവായി, സിനിമകളിലും വെബ് സീരീസുകളിലും തുടങ്ങി ഒരു മാധ്യമത്തിലും ഈ നോവലിലെ രംഗങ്ങള്‍ ഉപയോഗിക്കരുത്. സൃഷ്ടാക്കളുടെ അവകാശങ്ങള്‍ മാനിക്കുക, അനുവാദമില്ലാതെ ദൃശ്യങ്ങള്‍ എടുക്കരുത്, ലംഘിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരും” എന്നാണ് ശങ്കര്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, ഈ കുറിപ്പ് വന്നതോടെ ചൂടുപിടിച്ച ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സൂര്യ നായകനായ ‘കങ്കുവ’യാണ് ഉടന്‍ വരുന്ന പീരിയോഡിക്കല്‍ സിനിമയാണെന്നും അതിനാല്‍ ഈ ചിത്രത്തെ കുറിച്ചാണ് ശങ്കറിന്റെ പോസ്റ്റ് എന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
എന്നാല്‍ സൂര്യ ചിത്രത്തെ കുറിച്ചല്ല, ജൂനിയര്‍ എന്‍ടിആറിന്റെ ‘ദേവര’യെ കുറിച്ചാണ് എന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. ‘വീരയുഗ നായകന് വേള്‍പാരി’ നോവല്‍ വായിച്ചവര്‍ക്ക് അത് മനസിലാവുമെന്നും ഇവര്‍ പറയുന്നുണ്ട്. സെപ്റ്റംബര്‍ 27ന് ആണ് ദേവര റിലീസ് ചെയ്യുന്നത്. നവംബര്‍ 14ന് ആണ് കങ്കുവ റിലീസ് ചെയ്തത്.