'കല്ലെറിഞ്ഞവര്‍ക്ക് നന്ദി.. ഒരു നാള്‍ ഞാനും ദേശീയ പുരസ്‌കാരം നേടും'; ട്രോളുകളോട് പ്രതികരിച്ച് ശന്തനു ഭാഗ്യരാജ്

തന്റെ പേരില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്കെതിര തമിഴ് നടന്‍ ശന്തനു ഭാഗ്യരാജ്. വിജയ് ചിത്രം മാസ്റ്ററില്‍ ശന്തനു അവതരിപ്പിച്ച ഭാര്‍ഗവ് എന്ന കഥാപാത്രത്തെ മുന്‍ നിര്‍ത്തിയാണ് ട്രോളകള്‍ പ്രചരിക്കുന്നത്. മികച്ച സഹതാരത്തിനുള്ള ദേശീയ പുരസ്‌കാരം ശന്തനുവിന് ലഭിച്ചു എന്ന പേരിലാണ് ട്രോളുകളും മീമുകളും സജീവമായത്.

ഒരു നാള്‍ താനും ദേശീയ പുരസ്‌കാരം നേടുമെന്നും അന്ന് ഈ ട്രോളുകള്‍ക്ക് നല്‍കുന്ന മറുപടി പുഞ്ചിരിയാകുമെന്ന മീം പങ്കുവച്ചു കൊണ്ട് ശന്തനുവിന്റെ പ്രതികരണം. “”മറ്റൊരാളെ ട്രോളുന്നതിലൂടെ ഒരാള്‍ക്ക് ലഭിക്കുന്ന ചെറിയ സന്തോഷം. ഈ ട്രോളുകള്‍ ക്ഷമ നശിപ്പിക്കുന്നു. എങ്കിലും ഈ പ്രപഞ്ചത്തില്‍ അറിഞ്ഞോ അറിയാതെയോ സ്പന്ദനം അറിയിച്ചതിന് എന്നെ കല്ലെറിഞ്ഞവര്‍ക്ക് നന്ദി.. നിങ്ങള്‍ പോലും പറഞ്ഞ സ്ഥിതിക്ക് ഇത് നടക്കാതെ പോകില്ലല്ലോ… ഇത് ഒരുനാള്‍ നടക്കും അന്ന് എന്റെ മറുപടി വെറും പുഞ്ചിരി മാത്രമായിരിക്കും.. സ്‌നേഹത്തോടെ ഭാര്‍ഗവ്..”” എന്നാണ് ശന്തനുവിന്റെ ട്വീറ്റ്.

വിജയ് സേതുപതിക്ക് ആണ് മികച്ച സഹതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ത്യാഗരാജന്‍ കുമാരരാജ ചിത്രം സൂപ്പര്‍ ഡിലക്‌സിലെ പ്രകടനമാണ് സേതുപതിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച നടനുള്ള പുരസ്‌കാരം ധനുഷും മനോജ് ബാജ്‌പേയും കൂടിയാണ് പങ്കിട്ടത്. അസുരന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് ധനുഷിനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. ഭോന്‍സ്ലെ എന്ന ചിത്രത്തിനാണ് മനോജ് ബാജ്‌പേയ്ക്ക് അവാര്‍ഡ് ലഭിച്ചത്.

അതേസമയം, കസദ തപാര, രാവണ കൂട്ടം എന്നീ ചിത്രങ്ങളാണ് ശന്തനു ഭാഗ്യരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. നടന്‍ കെ. ഭാഗ്യരാജിന്റെയും നടി പൂര്‍ണിമ ഭാഗ്യരാജിന്റെയും മകനാണ് ശന്തനു. സക്കരക്കട്ടി എന്ന ചിത്രത്തിലൂടെയാണ് ശന്തനു നായകനായി സിനിമയിലേക്ക് എത്തിയത്. ഏഞ്ചല്‍ ജോണ്‍, വലിമൈ, പാവ കഥൈകള്‍ എന്നീ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.