കല്ല്യാണി പ്രിയദർശനെ പ്രധാന കഥാപാത്രമാക്കി മനു. സി. കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’. മലപ്പുറത്തെ സെവൻസ് ഫുട്ബോൾ മത്സരങ്ങളെ കഥാപാശ്ചാത്തലമാക്കി ഫുട്ബോൾ കമൻന്റേറ്ററാവാൻ ആഗ്രഹിക്കുന്ന ഫാത്തിമ നൂർജഹാൻ എന്ന പെൺകുട്ടിയുടെ കഥയാണ് ശേഷം മൈക്കിൽ ഫാത്തിമയിലൂടെ പറഞ്ഞത്. കല്ല്യാണി പ്രിയദർശന്റെ മികച്ച പ്രകടനമായിരുന്നു ചിത്രത്തിലേത്.
നവംബർ 17 ന് റിലീസ് ചെയ്ത ചിത്രം ആദ്യവാരം തിയേറ്ററുകളിൽ നിന്നും 46 ലക്ഷം രൂപ മാത്രമാണ് കളക്ഷൻ നേടിയതെന്ന് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ട് തന്നെ പിന്നീടുള്ള ആഴ്ചകളിൽ വേണ്ടവിധം കളക്ഷൻ നേടാൻ ചിത്രത്തിനായില്ല.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഡിസംബർ 15 ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രത്തിന്റെ സ്ട്രീമിംഗ് ലഭ്യമാവും.
സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, തെന്നൽ, വാസുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആലപിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്.