പൊലീസിന്റെ ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. മൂന്നാം നിലയിൽനിന്നും ഓടി രക്ഷപെടുകയായിരുന്നു. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടെയാണ് ഷൈൻ മൂന്നാം നിലയിൽ നിന്നും ഇറങ്ങി ഓടിയത്.
അതിനിടെ നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകി. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ പരാതി.
പുറത്തിറങ്ങാൻ പോകുന്ന സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ ആയിരുന്നു മോശം പെരുമാറ്റം. കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്‌റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങിയിരുന്നു. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പൊലീസും ശ്രമം ആരംഭിച്ചിരുന്നു.