ഷൈനിന് വിലക്ക്? കടുത്ത നടപടികളിലേക്ക് 'അമ്മ'; നേരിട്ട് ഹാജരായി വിശദീകരണം നല്‍കുമെന്ന് നടന്‍

നടന്‍ ഷൈന്‍ ടോം ചാക്കോ തിങ്കളാഴ്ച ആഭ്യന്തര പരാതി പരിഹാര സമിതി (ഐസി)ക്ക് മുമ്പില്‍ ഹാജരാകുമെന്ന് നടന്റെ പിതാവ്. താരസംഘടനയായ ‘അമ്മ’യുടെ നോട്ടീസിന് വെള്ളിയാഴ്ച തന്നെ മറുപടി നല്‍കുമെന്നും നടന്റെ പിതാവ് സിപി ചാക്കോ മാധ്യമങ്ങളോട് പ്രതികരിച്ചു. എറണാകുളത്ത് നേരിട്ട് എത്തിയാവും അമ്മക്ക് വിശദീകരണം നല്‍കുക.

പൊലീസ് അന്വേഷണവുമായി സഹകരിക്കും. സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കുമെന്നും ചാക്കോ പറഞ്ഞു. കുടുംബത്തിന് ഇതുവരെ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ചാക്കോ പറയുന്നത്. പൊലീസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും നടന്റെ കുടുംബം വ്യക്തമാക്കി.

അതേസമയം, വിന്‍സിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ വിശദീകരണം നല്‍കണമെന്നാണ് അമ്മയുടെ ആവശ്യം. തിങ്കളാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഷൈനിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അച്ചടക്ക സമിതി ജനറല്‍ ബോഡിയോട് ശുപാര്‍ശ ചെയ്യും.

അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം. ഷൈനിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബറും അറിയിച്ചിട്ടുണ്ട്.