‘ജയിലര്‍’ തകര്‍പ്പന്‍ ഹിറ്റ് ആയപ്പോള്‍ രജനികാന്തിന്റെ പ്രകടനത്തിനൊപ്പം തന്നെ ശിവരാജ് കുമാറിന്റെ കാമിയോ റോളിനും കൈയ്യടികള്‍ ഏറെയായിരുന്നു. വെറുമൊരു കൈലിമുണ്ടും ടിഷ്യു പേപ്പറുമായി തിയേറ്റര്‍ കുലുങ്ങുന്ന മാസ് പ്രകടനവുമായാണ് ശിവരാജ് കുമാര്‍ ‘ജയിലറി’ല്‍ എത്തിയത്.
കന്നഡ താരം ശിവരാജ് കുമാറിനെ അധികം പരിചയമില്ലാത്തവര്‍ പോലും കൈയ്യടിച്ച് വാഴ്ത്തുകയായിരുന്നു. കര്‍ണാടകയിലെ ഗ്യാംഗ്സ്റ്ററായ നരസിംഹ എന്ന കഥാപാത്രമായാണ് ശിവരാജ് കുമാര്‍ ജയിലറില്‍ എത്തിയത്. ക്ലൈമാക്സില്‍ തിയേറ്ററില്‍ ആവേശത്തിരയിളക്കവുമായാണ് താരത്തിന്റെ എന്‍ട്രി.
കേരളത്തില്‍ പോലും ശിവരാജ് കുമാറിന്റെ ഈ രംഗത്തിന് വമ്പന്‍ പ്രതികരണമാണ് ലഭിച്ചത്. അതേസമയം, രജിനകാന്തിനോ മോഹന്‍ലാലിനോ കമല്‍ ഹാസനോ വരെ അവകാശപ്പെടാന്‍ സാധിക്കാത്ത ഒരു റെക്കോര്‍ഡിന് ഉടമ കൂടിയാണ് ശിവരാജ് കുമാര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റീ റിലീസ് ചെയ്ത സിനിമയിലെ നായകന്‍ എന്ന റെക്കോര്‍ഡ് ശിവരാജ് കുമാറിന്റെ പേരിലാണ്.
1995ല്‍ റിലീസ് ചെയ്ത ‘ഓം’ എന്ന സിനിമയിലൂടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. നടനും സംവിധായകനുമായ ഉപേന്ദ്രയാണ് ചിത്രം സംവിധാനം ചെയ്തത്. കന്നടയില്‍ വന്‍ ഹിറ്റായ സിനിമ തെലുങ്കിലെക്കും റീമേക്ക് ചെയ്തിട്ടുണ്ട്. ഐഎംഡിബിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2015 വരെ 550ല്‍ അധികം തവണ ഓം സിനിമ റീ റിലീസ് ചെയ്തിട്ടുണ്ട്.
ഒരു പൂജാരിയുടെ മകന്‍ ഗുണ്ടാത്തലവനായി മാറുന്ന സിനിമയില്‍ നിരവധി യഥാര്‍ഥ ഗുണ്ടകളും അഭിനയിച്ചിട്ടുണ്ട്. അതേസമയം, കന്നടയിലെ സൂപ്പര്‍ താരമായ ശിവരാജ് കുമാറിന്റെ കോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജയിലര്‍. ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.