നിമിഷങ്ങള്‍ മാത്രമുള്ള കാമിയോ റോളിലെത്തി ‘ജയിലര്‍’ ചിത്രത്തില്‍ കന്നഡ താരം ശിവ രാജ്കുമാര്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. കേരളത്തിലും താരത്തിന് ഏറെ കൈയ്യടി ലഭിച്ചിരുന്നു. പ്രേക്ഷകരുടെ ആവേശമായി മാറിയ ശിവ രാജ്കുമാര്‍ ഇനി മലയാളത്തിലേക്കും എത്തുകയാണ്.
പൃഥ്വിരാജിന്റെ പുതിയ ചിത്രത്തില്‍ ശിവണ്ണയും കഥാപാത്രമായി ഉണ്ടാകും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ശിവണ്ണ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
”എനിക്ക് പൃഥ്വിരാജിന് വളരെ ഇഷ്ടമാണ്, സിനിമയുടെ പേര് അറിയില്ല, എന്നാല്‍ അത് സംഭവിക്കുകയാണ്” എന്നാണ് ശിവ രാജ്കുമാര്‍ വ്യക്തമാക്കിയത്. അതേസമയം ഏതായിരിക്കും ഈ ചിത്രമെന്ന് ഇതുവരെ തീര്‍ച്ചയായിട്ടില്ല. പൃഥ്വിരാജ് ഒരുക്കാനിരിക്കുന്ന ‘എമ്പുരാന്‍’, ‘ടൈസണ്‍’ എന്നീ ചിത്രങ്ങളുടെ പേരാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
View this post on InstagramA post shared by Dr.Shivarajakumar Updates (@dr_shivarajkumar_updates)
ഹോംബാലെ ഫിലിംസിന് വേണ്ടി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ടൈസണ്‍. സെപ്റ്റംബറിലാണ് എമ്പുരാന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്നത്. അതേസമയം, നേരത്തേ ജയിലറിന്റെ പ്രചാരണത്തിനിടെ ചിത്രത്തിനും തന്റെ കഥാപാത്രത്തിനും കേരളത്തിലെ പ്രേക്ഷകര്‍ നല്‍കിയ സ്വീകരണത്തിന് ശിവരാജ് കുമാര്‍ നന്ദി പറഞ്ഞിരുന്നു.
കന്നഡയിലെ സൂപ്പര്‍ താരം രാജ്കുമാറിന്റെ മകനാണ് ശിവ രാജ്കുമാര്‍. ശിവ രാജ്കുമാറിന്റെ ആദ്യ തമിഴ് സിനിമയാണ് ജയിലര്‍. ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ സിനിമയിലും ശിവ രാജ്കുമാര്‍ ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്. അന്തരിച്ച പുനീത് രാജ്കുമാര്‍ സഹോദരനാണ്.