'മലയാള സിനിമയില്‍ എനിക്കൊരു ശത്രുവുണ്ട്'

നല്ല റോളുകള്‍ ലഭിക്കാത്തതുകൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാത്തതെന്ന് നടി ഷംന കാസിം. മലയാളം എനിക്കു തന്ന നല്ല സിനിമയാണ് ചട്ടക്കാരിയെന്നും ഷനം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതിലെ പാട്ടുകളെ കുറിച്ച് എവിടെ ചെന്നാലും ആളുകള്‍ നല്ല അഭിപ്രായം പറയാറുണ്ട്. എന്നിട്ടും മലയാളത്തില്‍ കാസ്റ്റിംഗ് കഴിഞ്ഞ് സിനിമ തുടങ്ങാറാകുമ്പോള്‍ “സോറി, ഷംന ഇതിലില്ല” എന്നു പറയുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആരാണ് മലയാളത്തില്‍ എന്റെ ശത്രു എന്നെനിക്കറിയില്ല. പക്ഷെ ആരോ ഉണ്ട്- ഷംന പറഞ്ഞു

ഇനി എന്റെ പെരുമാറ്റമാണോ, മുഖമാണോ മലയാളത്തിന് ചേരാത്തത് എന്നറിയില്ല. ഓടാത്ത പടങ്ങളില്‍ പേരിനു വേണ്ടി മാത്രം അഭിനയിക്കാന്‍ താത്പര്യമില്ല. അന്യഭാഷകളില്‍ നല്ല റോളുകള്‍ കിട്ടുന്നുണ്ട്. അതൊകൊണ്ട് അവിടെ സജീവമാകുന്നു എന്നു മാത്രം.- ഷംന പറഞ്ഞു.

സിനിമ പോലെ തന്നെ മാറ്റാന്‍ പറ്റാത്ത ഭ്രാന്താണ് ഡാന്‍സ്. അതെങ്ങനെ വന്നു എന്നു ചോദിച്ചാല്‍ മമ്മി പറയുന്ന കഥയുണ്ട്. എനിക്ക് മൂന്നാലു വയസുള്ളപ്പോള്‍ എന്തോ പരിപാടിയ്ക്കു വേണ്ടി ചേച്ചിമാര്‍ ഡാന്‍സ് പഠിച്ചു. ഞാനതൊക്കെ നോക്കി നിന്നിട്ട് അവര്‍ സ്‌കൂളില്‍ പോയി കഴിയുമ്പോള്‍ തനിയെ നിന്ന് അതേപോലെ ഡാന്‍സ് ചെയ്യുമായിരുന്നു. മമ്മിയാണ് എന്നെ ഡാന്‍സ് പഠിക്കാന്‍ ചേര്‍ത്തത്. ഒരു മുസ്ലിം പെണ്‍കുട്ടി ക്ലാസിക്കല്‍ ഡാന്‍സ് പഠിക്കുന്നത് അന്നു വലിയ സംഭവമായിരുന്നു. ഞങ്ങളുടെ നാടായ കണ്ണൂരിലെ ഒരു ക്ലബ്ബിലാണ് ഞാന്‍ ആദ്യമായി നൃത്തം ചെയ്യുന്നത്, അന്നെന്റെ ഡാന്‍സ് കണ്ട് ആളുകള്‍ നോട്ടുമാല ഇട്ടു തന്നു- ഷംന പറഞ്ഞു