മോഹന്‍ലാലിന്റെ നായികയായി ശോഭന വീണ്ടും; ഇരുവരും ഒന്നിക്കുന്ന 56-ാമത് സിനിമ, വീഡിയോയുമായി താരം

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭന എത്തുന്നു. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം ശോഭന വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്.

”കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനൊരു മലയാള സിനിമ ചെയ്യാന്‍ പോവുകയാണ്. ഞാന്‍ വളരെ എക്‌സൈറ്റഡ് ആണ്. ലാല്‍ജിയുടെ 360-ാം സിനിമയാണിത്. ഞങ്ങള്‍ ഒപ്പം അഭിനയിക്കുന്ന അമ്പത്തിയാറാമത് ചിത്രമാണിത്” എന്നാണ് ശോഭന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.


2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ ആയിരുന്നു ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായല്ല ശോഭന എത്തിയത്. അതേസമയം, തന്റെ 360-ാം ചിത്രത്തില്‍ സാധാരണക്കാരനായ ടാക്സി ഡ്രൈവര്‍ ആയി മോഹന്‍ലാല്‍ വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്തനംതിട്ട ജില്ല റാന്നിയിലെ സാധാരണക്കാരനായ ടാക്സി ഡ്രൈവറായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ചൊരുക്കുന്ന സിനിമാകുമിത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ഒരിടത്തരം ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കോര്‍ത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം എന്നുള്ള റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. ഏറെ ശ്രദ്ധേയമായ ‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രമാണിത്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് നല്ലൊരു ഹൈപ്പും ലഭിച്ചിട്ടുണ്ട്.

Read more