‘ആര്‍.ആര്‍.ആര്‍’ ഗേ ചിത്രമെന്ന റസൂല്‍ പൂക്കുട്ടിയുടെ വിവാദ ട്വീറ്റിനെതിരെ പ്രതികരണവുമായി ബഹുബലി നിര്‍മാതാവ് ശോഭു യര്‍ലഗട. ‘ആര്‍.ആര്‍.ആര്‍.’ സ്വവര്‍ഗപുരുഷപ്രേമികളുടെ കഥയാണെങ്കില്‍ എന്താണ് കുഴപ്പമെന്നാണ് ശോഭു യര്‍ലഗട ചോദിക്കുന്നത്. ആര്‍.ആര്‍.ആര്‍.’ ഒരു ഗേ ലൗ സ്‌റ്റോറിയാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ ആണെങ്കില്‍ പോലും അതില്‍ എന്താണ് കുഴപ്പം? അതൊരു മോശം കാര്യമാണോ? എങ്ങിനെയാണ് നിങ്ങള്‍ക്ക് ഇത് വച്ച് സമര്‍ഥിക്കാന്‍ സാധിക്കുന്നത്.
നിങ്ങളുടേത് പോലെ ഇത്രയും നേട്ടങ്ങള്‍ കൊയ്ത ഒരാള്‍ ഇത്രയും തരം താഴുന്നത് കാണുന്നതില്‍ അതിയായ നിരാശയുണ്ട്- ശോഭു യര്‍ലഗട റസൂല്‍ പൂക്കുട്ടി ട്വീറ്റിന് മറുപടിയായി കുറിച്ചു. ചിത്രത്തെ മാലിന്യമെന്ന് വിശേഷിപ്പിച്ച മുനീഷ് ഭരദ്വാജിന്റെ ട്വീറ്റിന് മറുപടിയായിയായാണ് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി ‘ആര്‍.ആര്‍.ആര്‍’ എന്നു പേരുള്ള മാലിന്യത്തിന്റെ 30 മിനിറ്റ് കണ്ടു എന്നായിരുന്നു മുനിഷ് ട്വീറ്റ് ചെയ്തത്. അതിന് മറുപടിയായാണ് റസൂല്‍ പൂക്കുട്ടിയുടെ പരാമര്‍ശങ്ങള്‍ വന്നത്.’ആര്‍.ആര്‍.ആര്‍.’ ഒരു ഗേ (സ്വവര്‍ഗ പുരുഷപ്രേമികളുടെ) ചിത്രമാണ്. കൂടാതെ നായിക ആലിയ ഭട്ടിന്റെ കഥാപാത്രത്തെ കാഴ്ച്ചവസ്തുവായി വിശേഷിപ്പിക്കുകയും ചെയ്തുവെന്നാണ് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തത്.
ഓ.ടി.ടിയില്‍ റിലീസായ ശേഷം സിനിമ കണ്ട ചില വിദേശികള്‍ ഇത് ഗേ ചിത്രമാണെന്ന് അഭിപ്രായപ്പെട്ടത് വാര്‍ത്തയായിരുന്നു. ജൂനിയര്‍ എന്‍.ടി.ആറിന്റെയും രാം ചരണിന്റെയും കഥാപാത്രങ്ങള്‍ സ്വവര്‍ഗാനുരാഗികള്‍ ആണെന്നാണ് അവര്‍ വിലയിരുത്തിയത്. ‘ആര്‍.ആര്‍.ആര്‍.’ ഒരു തെന്നിന്ത്യന്‍ സിനിമയാണ്. അതില്‍ ഏറ്റവും വലിയ ആകര്‍ഷണം സ്വവര്‍ഗാനുരാഗികളായ നായകന്‍മാരാണ്, എന്നിങ്ങനെയായിരുന്നു അന്ന് പ്രചരിച്ച കമന്റുകള്‍.