കങ്കണയല്ല 'ആടൈ' റീമേക്കില്‍ നായികയാകാന്‍ ശ്രദ്ധ കപൂര്‍

അമല പോള്‍ നായികയായ “ആടൈ”യുടെ ഹിന്ദി റീമേക്കില്‍ നടി ശ്രദ്ധ കപൂര്‍ നായികയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ആടൈയുടെ ഹിന്ദി റീമേക്കിനായി ശ്രദ്ധയെ സമീപിച്ചതായും അടുത്ത മാസത്തോടെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ആടൈയുടെ സംവിധായകന്‍ രത്‌ന കുമാര്‍ തന്നെയാണ് ഹിന്ദി റീമേക്ക് ഒരുക്കുന്നതായുള്ള വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് അരുണ്‍ പാണ്ഡ്യന്‍ ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങള്‍ മുംബൈയിലെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ ഹൗസിന് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ആടൈ റീമേക്കില്‍ നടി കങ്കണ റണൗട്ടിനെ നിശ്ചയിച്ചു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് വെറും കിംവദന്തികള്‍ മാത്രമാണെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കിയിരുന്നു. തമിഴ് നാട്ടില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ആടൈ എത്തിയത്.

Read more

റിലീസിന് മുന്നേ ചിത്രം ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടതിനെ കുറിച്ച് വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഒരു സുപ്രഭാതത്തില്‍ വലിയ കെട്ടിടത്തിനുള്ളില്‍ നഗ്‌നയായി കാണപ്പെടുന്ന പെണ്‍കുട്ടിയുടെ മനസിലൂടെയുള്ള യാത്രയും അതിന് ഹേതുവായ കാരണങ്ങളുമൊക്കെയാണ് ചിത്രം പറഞ്ഞത്.