ബലാത്സംഗ കേസിന് പിന്നില്‍ അമ്മ-ഡബ്ല്യുസിസി പോര്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

തനിക്കെതിരായ ബലാത്സംഗ കേസിന് പിന്നില്‍ താരസംഘടനയായ ‘അമ്മ’യും ഡബ്ല്യുസിസിയും തമ്മിലുള്ള പോരാണെന്ന് നടന്‍ സിദ്ദിഖ്. തന്നെ പ്രതിയാക്കിയത് ശരിയായ അന്വേഷണം നടത്താതെയാണ് എന്നുമാണ് സിദ്ദിഖ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.

സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സുപ്രീം കോടതിയില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരി പരാതി നല്‍കിയതിനും, കേസ് എടുക്കുന്നതിനും എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങള്‍ ആണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കാളാഴ്ച പരിഗണിക്കണമെന്നും സിദ്ദിഖിന്റെ അഭിഭാഷക രഞ്ജീത സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

അതേസമയം, ഡബ്ല്യുസിസിക്കെതിരായ ആരോപണം ജാമ്യത്തിന് വേണ്ടി സിദ്ദിഖ് കെട്ടിച്ചമച്ചതാണെന്ന് തിരക്കഥാകൃത്തും ഡബ്ല്യൂസിസി അംഗവുമായ ദീദീ ദാമോദരന്‍ പറഞ്ഞു. ഐപിസി 376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകളാണ് സിദ്ദിഖിനെതിരെ ചുമത്തിയിരിക്കുന്നത്.