‘അമ്മ’യുടെ വാര്‍ഷിക പൊതുയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രതിനിധികളെ സുരക്ഷാ ജീവനക്കാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ജനറല്‍ സെക്രട്ടറി സിദ്ദിഖ്. തന്റെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാകാന്‍ കാരണമായതെന്നും ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കാമെന്നും സിദ്ദിഖ് പറഞ്ഞു.
പൊതുയോഗം റിപ്പോര്‍ട്ട് ചെയ്യാനായി പത്ര-ദൃശ്യമാധ്യമ പ്രതിനിധികളെ വിളിച്ചു വരുത്തിയ ശേഷം ബൗണ്‍സര്‍മാരെ ഉപയോഗിച്ചു തടഞ്ഞുവയ്ക്കുകയും അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ പരാതി. സംഭവത്തില്‍ എറണാകുളം പ്രസ് ക്ലബ് ശക്തമായ പ്രതിഷേധക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
രാവിലെ 10 മുതല്‍ 10 മിനിറ്റ് സമയം യോഗഹാളിനുള്ളില്‍ കടന്നു ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്താന്‍ അനുവദിക്കുമെന്ന മുന്‍കൂര്‍ അറിയിപ്പു ലഭിച്ചതിനാലാണു മാധ്യമപ്രവര്‍ത്തകര്‍ യോഗവേദിയില്‍ എത്തിയത്. എന്നാല്‍ വളരെ മോശമായ രീതിയിലായിരുന്നു സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം.
കണ്‍വന്‍ഷന്‍ സെന്ററിന്റെ പുറത്ത് റോഡില്‍ വച്ച് തന്നെ മാധ്യമങ്ങളെ ബൗണ്‍സര്‍മാരെ ഉപയോഗിച്ചു തടയുകയും മണിക്കൂറോളം സമയം പെരുമഴയത്ത് നിര്‍ത്തുകയും ചെയ്തു. ഒടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചപ്പോഴാണ് ഉള്ളില്‍ കടക്കാന്‍ അനുമതി നല്‍കിയത്.
തിരഞ്ഞെടുപ്പിന് ശേഷം സാധാരണ നടത്താറുള്ള പത്രസമ്മേളനം ഒഴിവാക്കിയ അമ്മയുടെ ഭാരവാഹികള്‍ ഔദ്യോഗികമായി പത്രക്കുറിപ്പ് പുറത്തിറക്കാന്‍ പോലും തയാറായില്ല. പൊതുസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിംഗ് നടത്താനുള്ള അവകാശം ലഭിച്ച വ്യക്തിയെ അമ്മയുടെ പിആര്‍ഒ ആയി നിയമിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം ഔദ്യോഗികമായി അറിയിക്കാനും പ്രസ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
അമ്മ തന്നെ ചുമതലപ്പെടുത്തി എന്ന പേരില്‍, പേരും ഫോണ്‍ നമ്പറും വച്ചൊരു വാട്‌സാപ്പ് സന്ദേശം ഈ വ്യക്തി ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം അയച്ചിരുന്നു. ഇത് സത്യമാണെങ്കില്‍ മേലില്‍ അമ്മയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഈ വ്യക്തി നല്‍കുന്നത് മാത്രം പ്രസിദ്ധീകരിച്ചാല്‍ മതിയല്ലോ എന്നും മാധ്യമപ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്.