മമ്മൂട്ടിയില്ല, അയ്യങ്കാളിയാവാന്‍ സിജു വിത്സന്‍; 'കതിരവന്‍' വരുന്നു

നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ‘കതിരവന്‍’ ചിത്രത്തില്‍ സിജു വിത്സന്‍ നായകനാകും. നേരത്തെ മമ്മൂട്ടി നായകനാകുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് കതിരവന്‍. മമ്മൂട്ടി പിന്മാറിയതോടെയാണ് സിജു വിത്സന്‍ അയ്യങ്കാളിയായി എത്തുന്നത്. അരുണ്‍ രാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അരുണ്‍ രാജ് തന്നെയായിരുന്നു മമ്മൂട്ടി അയ്യങ്കാളിയായി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

താരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജഗതമ്പി കൃഷ്ണ ചിത്രം നിര്‍മ്മിക്കുന്നു. ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്. അരുണ്‍ രാജ് സംവിധാനവും ഛായാഗ്രഹണവും ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ പ്രദീപ് കെ താമരക്കുളം ആണ്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കതിരവന്റെ സംഗീതം ഒരുക്കുന്നത് ബിജിബാല്‍.

അരുണ്‍ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ‘എഡ്വിന്റെ നാമം’ എന്ന ചിത്രമാണ് അരുണ്‍ രാജ് ഇതിന് മുമ്പ് സംവിധാനം ചെയ്ത ചിത്രം. മെമ്മറി ഓഫ് മര്‍ഡര്‍, വെല്‍ക്കം ടു പാണ്ടിമല എന്നീ ചിത്രങ്ങളുടെ കാമറയും അരുണ്‍ രാജ് ആയിരുന്നു. വിനോദ് പറവൂര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

അതേസമയം, പത്തൊന്‍പതാം നൂറ്റാണ്ട് സിനിമയ്ക്ക് ശേഷം സിജു വിത്സന്‍ മറ്റൊരു നവോത്ഥാന നായകന്‍ ആകുന്ന ചിത്രം കൂടിയാണിത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ ആയാണ് സിജു വേഷമിട്ടത്. മാരീചന്‍, ഡിറ്റക്ടീവ് ഉജ്വലന്‍, മൂന്നോട്ട് എന്നീ സിനിമകളാണ് സിജുവിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Read more