തമിഴ് യുവതാരം ചിമ്പുവിന്റെ ഒരു അഭിമുഖം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഒരിടയ്ക്ക് തനിക്ക് സിനിമാ ജീവിതത്തില്‍ സംഭവിച്ച പ്രതിസന്ധിഘട്ടത്തേക്കുറിച്ചായിരുന്നു നടന്റെ തുറന്നുപറച്ചില്‍.
തന്റെ സിനിമാ ജീവിതം പൂര്‍ണ്ണമായി അവസാനിച്ചെന്ന് പലരും പറഞ്ഞെന്ന് ചിമ്പു പറയുന്നു. എന്നാല്‍ എന്നും തനിക്കൊപ്പം നിലകൊണ്ട ആരാധകരുടെ പിന്തുണയും സ്വയം പ്രചോദനവും മാത്രമാണ് തിരിച്ചുവരവ് സാധ്യമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യത്തില്‍ ആ സമയത്തൊക്കെ ഞാന്‍ വളരെ കഷ്ടത്തിലായിരുന്നു ആ സമയം. ഒന്നും ശരിയാവുന്നുണ്ടായിരുന്നില്ല. ഒന്നന്വേഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എന്തുചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഇനി സിനിമയിലുണ്ടാവില്ലെന്നും എന്റെ കഥ കഴിഞ്ഞെന്നും സിനിമാലോകത്ത് പോലുമുള്ള പലരും പറഞ്ഞു.
ഇനിയൊരു സിനിമ ചെയ്യുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ അഭിനയിക്കുന്നുണ്ട്. പെട്ടന്ന് ഇങ്ങനെയൊരു സംഭവം നടക്കുന്നു. അകത്തും പുറത്തും പ്രശ്നം. ഇതെല്ലാം എങ്ങനെ പുറത്തുകാണിക്കാനാവും. എനിക്ക് ഞാനല്ലേ തുണയായി നില്‍ക്കാനാവൂ. ഈ പ്രശ്നങ്ങള്‍ മറയ്ക്കാനാണ് ഉച്ചത്തില്‍, കത്തിപ്പടരും പോലെ സംസാരിച്ചത്.’