സഹപ്രവര്‍ത്തകയില്‍ നിന്നും നേരിട്ട ദുരനുഭവത്തെ കുറിച്ച് പറഞ്ഞ നടി സിമ്രാന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. ഒരു സിനിമയിലെ പ്രകടനത്തെ അഭിനന്ദിച്ച താന്‍ ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറഞ്ഞ് മെസേജ് അയച്ചു. എന്നാല്‍ അവര്‍ പറഞ്ഞ മറുപടി ആന്റി റോള്‍ ചെയ്യുന്നതിനെക്കാള്‍ ഭേദമാണിത് എന്നായിരുന്നു. അത് തന്നെ വേദനിപ്പിച്ചു എന്നാണ് സിമ്രാന്‍ പറയുന്നത്. ഒരു അവാര്‍ഡ് ഫങ്ഷനിടെയാണ് സിമ്രാന്‍ സംസാരിച്ചത്.
നടി ജ്യോതികയെ കുറിച്ചാണ് സിമ്രാന്റെ വാക്കുകള്‍ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ”ഒരു പ്രസ്‌കതിയും ഇല്ലാത്ത ‘ഡബ്ബാ’ റോളുകള്‍ ചെയ്യുന്നതിലും നല്ലതാണ് ആന്റി റോള്‍ ചെയ്യുന്നത്” എന്ന് സിമ്രാന്‍ പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ജ്യോതിക അടുത്തിടെ അഭിനയിച്ച ‘ഡബ്ബാ കാര്‍ട്ടല്‍’ എന്ന ഹിന്ദി സീരീസ് ഉദ്ദേശിച്ചാണ് സിമ്രാന്‍ സംസാരിച്ചത് എന്നാണ് ചര്‍ച്ചകള്‍.
സിമ്രാന്റെ വാക്കുകള്‍:
30 വര്‍ഷമായി സിനിമ മേഖലയില്‍ എത്തിപ്പെട്ടിട്ട്. അതിന് ദൈവത്തിന് നന്ദി. കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി, ഒരു സഹപ്രവര്‍ത്തകയ്ക്ക് ഞാന്‍ ഒരു സന്ദേശം അയച്ചു. അവര്‍ അഭിനയിച്ച ഒരു സിനിമയെ കുറിച്ചായിരുന്നു അത്. ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞപ്പോള്‍ അവര്‍ തന്ന മറുപടി വളരെ മോശമായിരുന്നു. അത് ഞാന്‍ പ്രതീക്ഷിച്ചില്ല.
ഒരു പ്രസ്‌കതിയും ഇല്ലാത്ത ‘ഡബ്ബാ’ റോളുകള്‍ ചെയ്യുന്നതിലും അഭിനയിക്കാതിരിക്കുന്നതിലും എത്രയോ നല്ലതാണ് അര്‍ഥവത്തായ ആന്റി റോളോ 25 വയസ്സുള്ള ഒരാളുടെ അമ്മയായോ അഭിനയിക്കുന്നത്. ചെയ്യുന്ന കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ ചെയ്യുക. രണ്ട്-മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ നേരത്തെ പറഞ്ഞ മെസേജിന്റെ കാര്യമുണ്ടായത്. അത് എന്നെ ഒരുപാട് വേദനിപ്പിച്ചു.
ഞാനത് അര്‍ഹിക്കുന്നേയില്ല. കാരണം ഞാനിന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അത് ഞാന്‍ ഒറ്റയ്ക്ക് നേടിയെടുത്തതാണ്. അതിപ്പോള്‍ ആന്റി റോളായാലും അമ്മ റോളായാലും അല്ലെങ്കില്‍ മറ്റെന്തെങ്കിലും റോള്‍. ആ റോളിന്റെ പേര് ഞാനിവിടെ പറയാന്‍ താല്‍പര്യപ്പെടുന്നില്ല. അത് എന്റെ തീരുമാനമാണ്. അത് എനിക്ക് നല്ല പേരാണ് ഈ മേഖലയില്‍ നേടിത്തന്നത്. നമുക്ക് നമ്മുടേതായ അഭിപ്രായസ്വാതന്ത്ര്യമുണ്ട്.