'മകള്‍ ഡ്രഗ് അഡിക്ട്' ആണെന്ന് പറഞ്ഞത് മറന്ന് മാപ്പ് നല്‍കാമെന്ന് രഹസ്യമായി ചിന്തിച്ചിരുന്നു, പക്ഷെ..: സിന്ധു കൃഷ്ണ

‘നാന്‍സി റാണി’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലുള്ള നടി അഹാന കൃഷ്ണയുടെ പ്രതികരണം കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. അന്തരിച്ച ചിത്രത്തിന്റെ സംവിധായകന്‍ ജോസഫ് മനു ജെയിംസും അദ്ദേഹത്തിന്റെ ഭാര്യ നൈനയും തികച്ചു അണ്‍പ്രൊഫഷണല്‍ ആയാണ് തന്നോട് പെരുമാറിയത് എന്നായിരുന്നു അഹാന പങ്കുവച്ച നീണ്ട കുറിപ്പില്‍ പറഞ്ഞത്.

സംവിധായകനും അസിസ്റ്റന്റ്മാരും സെറ്റില്‍ കൂട്ടമായി ഇരുന്ന് മദ്യപിക്കും, തന്റെ കഥാപാത്രത്തിനായി മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു എന്നതടക്കം നിരവധി ആരോപണങ്ങളാണ് അഹാന വ്യക്തമാക്കിയത്. മാത്രമല്ല തന്റെ അമ്മയോട് ‘മകള്‍ ഒരു ഡ്രഗ് അഡിക്ട്’ ആണെന്ന് നൈന വിളിച്ച് പറഞ്ഞതായും അഹാന പറഞ്ഞിരുന്നു. അഹാനയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയുടെ അമ്മ സിന്ധു കൃഷ്ണ ഇപ്പോള്‍.

ഈ വിഷയത്തില്‍ നേരത്തെ എന്തുകൊണ്ടാണ് താന്‍ പ്രതികരിക്കാതിരുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് സിന്ധു കൃഷ്ണ എത്തിയിരിക്കുന്നത്. അവര്‍ക്ക് മാപ്പ് നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത് എന്നാണ് സിന്ധു പറയുന്നത്. അഹാന പങ്കുവച്ച കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി കൊണ്ടാണ് സിന്ധുവിന്റെ പ്രതികരണം.

”അവര്‍ക്ക് മാപ്പു നല്‍കി നിശ്ശബ്ദരായിരിക്കാം എന്ന് രഹസ്യമായെങ്കിലും ഞാന്‍ ചിന്തിച്ചിരുന്നു. എന്നാല്‍, അങ്ങനെ ചെയ്യാന്‍ അവര്‍ ഒരവസരം നല്‍കിയില്ല. ഒടുവില്‍ പ്രശ്‌നങ്ങള്‍ പുറത്തു കൊണ്ടു വരാന്‍ ഞങ്ങള്‍ തീരുമാനിച്ചു” എന്നാണ് സിന്ധു കൃഷ്ണ കുറിച്ചിരിക്കുന്നത്. അതേസമയം, സംവിധായകന്‍ ജോസഫ് മനു ജെയിംസിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.

ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ അഹാന പ്രമോഷന് പരിപാടികള്‍ക്ക് എത്താതിരുന്നതിനെ നൈന പ്രസ് മീറ്റില്‍ വിമര്‍ശിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് തന്റെ ഭര്‍ത്താവുമായി അഹാനയ്ക്ക് പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ മാനുഷിക പരിഗണന വച്ചെങ്കിലും നടിക്ക് പ്രമോഷന് പങ്കെടുക്കാമായിരുന്നു എന്നായിരുന്നു നൈന പറഞ്ഞത്.

Read more