ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ ‘ആര്‍ആര്‍ആര്‍’ ചിത്രത്തെ അഭിനന്ദിക്കുകയാണ് രാജ്യം മുഴുവന്‍. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്. റിഹാന, ടെയ്‌ലര്‍ ഷിഫ്റ്റ്, ലേഡി ഗാഗ എന്നീ ഗായകരുടെ ഗാനങ്ങളെ പിന്തള്ളിയാണ് ആര്‍ആര്‍ആര്‍ിലെ ഗാനം ഈ നേട്ടം കൈവരിച്ചത്.
പ്രധാനമന്ത്രി അടക്കമുള്ളവര്‍ സിനിമയെയും ടീമിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അതില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ട്വീറ്റ് ആണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ട്വീറ്റിലെ ‘തെലുങ്ക് പതാക’ പരാമര്‍ശത്തിനെതിരെ ഗായകനായ അദ്നാന്‍ സമി രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമായത്.
”തെലുങ്ക് പതാക ഉയരത്തില്‍ പറക്കുന്നു ആന്ധ്രാപ്രദേശിന് മുഴുവന്‍ വേണ്ടി എം.എം കീരവാണി, എസ്എസ് രാജമൗലി, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ആര്‍ആര്‍ആര്‍ മൂവി ടീം എല്ലാവരെയും അഭിനന്ദിക്കുന്നു. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു!” എന്നാണ് ജഗന്‍ മോഹന്‍ റെഡ്ഡി ട്വീറ്റ് ചെയ്തത്.
‘തെലുങ്ക് പതാക’ എന്ന പരാമര്‍ശത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. നമ്മള്‍ ഇന്ത്യക്കാരാണ് എന്ന് പറഞ്ഞു കൊണ്ടാണ് അദ്നാന്‍ സമിയുടെ പ്രതികരണം. ഈ വിഘടനവാദ മനോഭാവം അനാരോഗ്യകരമാണ് എന്നും അദ്‌നാന്‍ സമി മന്ത്രിക്ക് നല്‍കിയ മറുപടി ട്വീറ്റില്‍ വ്യക്തമാക്കി. സമിയെ അനുകുലിച്ച് പ്രതികരണങ്ങളും എത്തുന്നുണ്ട്.
”തെലുങ്ക് പതാക? നിങ്ങള്‍ ഉദ്ദേശിക്കുന്നത് ഇന്ത്യന്‍ പതാകയല്ലേ? നമ്മള്‍ ഇന്ത്യക്കാരാണ്, അതിനാല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് സ്വയം വേര്‍പെടുത്തുന്നത് നിര്‍ത്തുക. പ്രത്യേകിച്ചും അന്തര്‍ദേശീയമായ നേട്ടങ്ങളുടെ കാര്യത്തില്‍, നമ്മള്‍ ഒരു രാജ്യമാണ്! 1947-ല്‍ നമ്മള്‍ കണ്ടതുപോലെ ഈ ‘വിഘടനവാദ’ മനോഭാവം അത്യന്തം അനാരോഗ്യകരമാണ്,!നന്ദി…ജയ് ഹിന്ദ്!” എന്നാണ് ഗായകന്റെ ട്വീറ്റ്.