ഗേ എന്ന് വിളിച്ചതില്‍ ഞാന്‍ കാര്‍ത്തിക്കിനോട് മാപ്പ് പറയുന്നു..; മുന്‍ ഭര്‍ത്താവിനെതിരായ ആരോപണങ്ങളില്‍ സുചിത്ര

നടനും മുന്‍ ഭര്‍ത്താവുമായ കാര്‍ത്തിക് കുമാറിനെ ഗേ എന്ന് വിളിച്ചതില്‍ മാപ്പ് പറഞ്ഞ് ഗായിക സുചിത്ര. ഇതിനെതിരെ കാര്‍ത്തിക് കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് യൂട്യൂബ് വീഡിയോയിലൂടെ മാപ്പ് അപേക്ഷയുമായി ഗായിക എത്തിയിരിക്കുന്നത്. ഇ-മെയില്‍ മുഖേന കാര്‍ത്തിക്കിന് മാപ്പ് അപേക്ഷ അയക്കുമെന്നും ഇവര്‍ വെളിപ്പെടുത്തി.

തനിക്ക് പൊലീസില്‍ നിന്ന് നിരന്തരം കോളുകള്‍ വരുന്നുണ്ട്. കാര്‍ത്തിക്കിനെ ഗേ എന്ന് വിളിച്ചതില്‍ ഖേദമുണ്ട്. അദ്ദേഹത്തിന്റെ കരിയര്‍ നശിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. തന്റെ മാപ്പ് അപേക്ഷയിലൂടെ കാര്‍ത്തിക്കിന് കൂടുതല്‍ ചിത്രങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ഗായിക പറയുന്നത്.

2017ല്‍ തമിഴ് സിനിമയില്‍ വിവാദമായ സംഭവമായിരുന്നു സുചി ലീക്ക്സ് എന്ന ഹാഷ്ടാഗോടെ സുചിത്രയുടെ എക്സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത്. സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവര്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി കാര്‍ത്തിക് കുമാര്‍ രംഗത്തെത്തിയെങ്കിലും വിവാദപ്രസ്താവനകളുമായി സുചിത്ര അഭിമുഖങ്ങളില്‍ വന്നു.

ഈ സംഭവത്തിന് പിറകില്‍ നടന്‍ ധനുഷും കാര്‍ത്തികുമാണെന്ന് സുചിത്ര പറഞ്ഞിരുന്നു. മുന്‍ഭര്‍ത്താവ് തന്നെ ബലിയാടാക്കിയെന്നും ഇവര്‍ ആരോപിച്ചു. കാര്‍ത്തിക് ഗേയാണെന്നാണും വിവാഹമോചനത്തിന് അതും കാരണമായിട്ടുണ്ടെന്നുമായിരുന്നു സുചിത്രയുടെ വാദം.

സുചിത്രയ്ക്ക് മറുപടിയുമായി കാര്‍ത്തിക് അന്ന് തന്നെ രംഗത്തെത്തിയിരുന്നു. താന്‍ ഗേയല്ലെന്നും അഥവാ ആണെങ്കില്‍ നാണിക്കണോ എന്ന് കാര്‍ത്തിക് ചോദിച്ചിരുന്നു. ഗേ ആണെങ്കില്‍ അഭിമാനിക്കുമായിരുന്നുവെന്നും കാര്‍ത്തിക് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

Read more