തെലുങ്ക് ചലച്ചിത്രമേഖല പ്രതിസന്ധിയിലായതോടെ തെലങ്കാനയിലെ സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകള്‍ രണ്ടാഴ്ചത്തേക്ക് താത്ക്കാലികമായി അടച്ചിടുന്നു. തെലുങ്കില്‍ സംക്രാന്തിക്ക് ശേഷം വലിയ സിനിമകളൊന്നും റിലീസ് ചെയ്യാനില്ലാത്തതു കൊണ്ടാണ് തിയേറ്ററുകള്‍ അടച്ചിടാന്‍ ഒരുങ്ങുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ലോക്‌സഭാ തിരഞ്ഞെടുപ്പും പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു എന്നാണ് വിലയിരുത്തല്‍. പത്ത് മുതല്‍ പതിനഞ്ച് ദിവസം വരെയാണ് തിയേറ്ററുകള്‍ അടച്ചിടുക എന്ന് തെലങ്കാന തിയേറ്റര്‍ അസോസിയേഷന്‍ അറിയിച്ചു.
തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി ആയിരക്കണക്കിന് തിയേറ്ററുകള്‍ ഉണ്ട്. മുന്‍വര്‍ഷങ്ങളിലെല്ലാം തിയേറ്ററുകളില്‍ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന സമയമായിരുന്നു ഏപ്രില്‍-മെയ് മാസങ്ങള്‍. എന്നാല്‍ ഇത്തവണ അധികം പ്രേക്ഷകര്‍ തിയേറ്ററില്‍ എത്തിയിട്ടില്ല.
അതേസമയം, പ്രഭാസ് നായകനാവുന്ന കല്‍ക്കി, അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2, കമല്‍ ഹാസന്‍ മുഖ്യവേഷത്തിലെത്തുന്ന ഇന്ത്യന്‍ 2, രാം ചരണ്‍ നായകനാവുന്ന ഗെയിം ചേഞ്ചര്‍ എന്നീ ചിത്രങ്ങളാണ് ഇനി അടുത്തതായി റിലീസിന് ഒരുങ്ങുന്ന വമ്പന്‍ ചിത്രങ്ങള്‍.