ത്രില്ലര്‍ പ്രതീക്ഷിക്കണ്ട വരുന്നത് പ്രണയകഥ; 72-ാം വയസില്‍ സംവിധായകനായി എസ്.എന്‍ സ്വാമി, നായകന്‍ ധ്യാന്‍

72-ാം വയസില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി എസ്.എന്‍ സ്വാമി. മലയാളത്തിന് മികച്ച ത്രില്ലര്‍ സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് എസ്.എന്‍ സ്വാമി. എന്നാല്‍ പ്രേക്ഷകര്‍ ഇനി ത്രില്ലര്‍ പ്രതീക്ഷിക്കണ്ട എന്നാണ് എസ്.എന്‍ സ്വാമിയുടെ അറിയിപ്പ്.

തമിഴ് ബ്രാഹ്‌മണ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥയാണ് എസ്.എന്‍ സ്വാമി സംവിധാനം ചെയ്യാനൊരുങ്ങുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍. സിനിമയുടെ പൂജ വിഷു ദിവസം കൊച്ചിയില്‍ നടക്കും. ചിത്രത്തിന്റെ രചനയും സ്വാമിയുടേതാണ്.

പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ നിര്‍മ്മാണം പി രാജേന്ദ്ര പ്രസാദാണ്. തിരുച്ചെന്തിരൂര്‍ പോലുള്ള തമിഴ് ഗ്രാമങ്ങളില്‍ ലൊക്കേഷന്‍ തിരക്കിലായതിനാല്‍ സിനിമയെ കുറിച്ചെല്ലാം വിശദമായി ലോഞ്ചിംഗ് ചടങ്ങില്‍ പറയാമെന്നാണ് സ്വാമിയുടെ പ്രതികരണം.

മകന്‍ ശിവറാമാണ് ചിത്രത്തിന്റെ സഹസംവിധായകന്‍. ഷാജി കൈലാസ്, കെ മധു, എ കെ സാജന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് ശിവറാം. 1980-ല്‍ പുറത്തിറങ്ങിയ ‘ചക്കരയുമ്മ’ എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായാണ് എസ്.എന്‍ സ്വാമി മലയാള സിനിമയിലെത്തുന്നത്.

Read more

പിന്നീട് ത്രില്ലര്‍ സിനിമകളിലൂടെ ജനപ്രീതി നേടി. ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’, ‘ഇരുപതാം നൂറ്റാണ്ട്’ തുടങ്ങി അമ്പതോളം സിനിമകള്‍ക്ക് സ്വാമി തിരക്കഥയെഴുതിയിട്ടുണ്ട്. സിബിഐ സീരിസിലെ ചിത്രങ്ങളെല്ലാം സ്വാമിയുടെ തിരക്കഥയാണ്. എന്നാല്‍ അവസാനം എത്തിയ ‘സിബിഐ 5’ ശ്രദ്ധ നേടിയിരുന്നില്ല.