തിയേറ്ററുകളില്‍ ആരവം സൃഷ്ടിച്ച് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ഓപ്പണിംഗ് ദിനത്തില്‍ തന്നെ 3 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി ഈ വര്‍ഷത്തെ ബോക്‌സ് ഓഫീസ് ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയിരിക്കുകയാണ് ചിത്രം. ഫെബ്രുവരി റിലീസുകളില്‍ ‘ഭ്രമയുഗം’, ‘പ്രേമലു’ എന്നീ ചിത്രങ്ങളുടെ ഓപ്പണിംഗ് കളക്ഷനെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നേട്ടം.
ചിദംബരം സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിലെ ഡ്രൈവര്‍ പ്രസാദ് എന്ന കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ ആണ് ഈ കഥാപാത്രമായി സ്‌ക്രീനിലെത്തിയത്. ‘ഉണ്ട’, ‘തല്ലുമാല’, ‘അനുരാഗകരിക്കിന്‍ വെള്ളം’ എന്നീ സിനിമകള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍.
തിയേറ്ററില്‍ ഖാലിദിന്റെ കഥാപാത്രം എത്തുന്ന ആദ്യ രംഗത്തിന് തന്നെ കയ്യടികള്‍ ഉയരുകയും ചെയ്തിരുന്നു. ‘മായാനദി’, ‘പറവ’, ‘നോര്‍ത്ത് 24 കാതം’ എന്നീ സിനിമകളില്‍ സെക്കന്റുകള്‍ മാത്രം സ്‌ക്രീനില്‍ വന്നുപോയ ഖാലിദിന് മഞ്ഞുമ്മല്‍ ബോയ്സില്‍ മുഴുനീള വേഷമാണ് ഉള്ളത്.
എന്നാല്‍ ചിത്രം റിലീസായതിന് ശേഷം വന്ന മിക്ക റിവ്യൂകളിലും പ്രമുഖ യൂട്യൂബേഴ്‌സ് എന്ന് വിശേഷിപ്പിക്കുന്ന മിക്ക റിവ്യൂവേഴ്സും ഖാലിദിനെ തിരിച്ചറിഞ്ഞില്ല എന്നതാണ് വസ്തുത. ചിത്രത്തില്‍ ഡ്രൈവറുടെ കഥാപാത്രം ചെയ്ത നടന്‍ എന്നാണ് പലരും ഖാലിദിനെ വിശേഷിപ്പിച്ചത്.
എന്നാല്‍ ഇത്രയേറെ സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഖാലിദിനെ തിരിച്ചറിയാന്‍ സിനിമ റിവ്യൂകള്‍ പ്രൊഫഷനായി കൊണ്ടുനടക്കുന്നര്‍ക്ക് സാധിച്ചില്ല എന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ഖാലിദ് ചിത്രങ്ങളെക്കുറിച്ച് പുകഴ്ത്തിയവര്‍ തന്നെ അദ്ദേഹത്തെ തിരിച്ചറിയാതെ പോയത് ദൗര്‍ഭാഗ്യകരമാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.